( കേട്ടപ്പോൾ ഏറെ കൗതുകം തോന്നിയ ചരിത്രത്തിന്റെ മറ്റൊരു അധ്യായം…..)
ദൃശ്യ
ഒട്ടനവധി സഞ്ചരിച്ചു, അന്വേഷിച്ചു, കണ്ടവരത്രയും പറഞ്ഞത് ഒന്ന് തന്നെ. ഒരിമ്പം തോന്നിയില്ല. പിന്നീട് പുസ്തകങ്ങളിലെ കഥകൾ തിരഞ്ഞു. കാര്യമായ മാറ്റമില്ല. ഗൂഗിൾ കാണിച്ച വഴിയിലും വത്യസ്തമായി ഒന്നുംതന്നെ ഇല്ല. പക്ഷെ എനിക്ക് ഉറപ്പായിരുന്നു. ഈ കഥകൾക്കപ്പുറം ഒരു കാഴ്ചയുണ്ട്. അല്പം മങ്ങിയെങ്കിലും അത്രയേറെ പ്രാധാന്യമുള്ള ഒന്ന്. കുറ്റിച്ചിറയുടെ അകത്തളങ്ങളിലേക്ക് കയറി ചെല്ലും തോറും, ഇനിയും പറയാത്ത ഒത്തിരി കഥകൾ വിളിച്ചോതുന്നത് പോലെ തോന്നി…
എട്ടാം നൂറ്റാണ്ടിന്റെ തുടക്കം.
പണ്ട് വ്യാവസായിക ആവശ്യത്തിനായി അറബികൾ കേരളത്തിൽ എത്തി. ആ കാലങ്ങളിൽ വന്ന വിദേശികളായ അറബികൾക്ക് കേരളം മുഴുവൻ വിലയ്ക്ക് വാങ്ങാൻ മാത്രം സാമ്പത്തിക ശേഷി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ഇവിടെ വീടുവക്കുവാനും കച്ചവടം ചെയ്യുവാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സാമൂതിരി ചെയ്തു കൊടുത്തു. പിന്നീട് സാമൂതിരി വ്യവസായികളോട് ഇവിടെ നിന്നും വിവാഹം കഴിക്കുവാനും താമസമാക്കുവാനും നിർബന്ധിച്ചു.
നമ്പൂതിരി, നായർ സമുദായത്തിൽപ്പെട്ട സ്ത്രീകളെയാണ് ആദ്യം അറബികൾ വിവാഹം കഴിച്ചിരുന്നത്. ഇത് പിന്നീട് അറബി കല്യാണം എന്ന പേരിൽ അറിയപ്പെട്ടു. അത്ര പരക്കെ അല്ലെങ്കിലും അറബ്-ബ്രാഹ്മിണർ എന്നും അറിയപ്പെട്ടിരുന്നു. എന്നാൽ ഈ അറബിക്ക് ഗൾഫിൽ വേറെ കുടുംബം ഉണ്ടായിരുന്നു എന്നതും വസ്തുതയാണ്. പക്ഷെ അറബിയുടെ മരണശേഷം അദ്ദേഹത്തിന്റെ മക്കൾ ഇവിടെ വരികയും(കുറ്റിച്ചിറ) ഇവിടുത്തെ ഭാര്യയെയും മക്കളെയും ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ട് പോവുകയും അർഹിക്കപ്പെട്ട സ്വത്ത് നൽകുകയും ചെയ്തിരുന്നു എന്നത് ഈ സംസ്കാരത്തിന്റെ മാറ്റ് തന്നെയാണ്. ചിലർ വിവാഹശേഷം ഇവിടെ വീട് വച്ചു താമസിക്കുകയും ചെയ്തു.ഇപ്പോഴും അത്തരം തറവാട് വീടുകൾ കാണാം.
ഉരു (പുരാതന കാലത്തിൽ ചരക്കുകൾ കൊണ്ട് പോകാൻ ഉപയോഗിച്ചിരുന്ന കപ്പൽ ) ആയി വരുന്ന അറബികളും അവരുടെ തൊഴിലാളികളും (കലാസികൾ) പിന്നീട് ഇവിടെ താമസമാരംഭിച്ചപ്പോൾ ഹിന്ദു -മുസ്ലിം ഐക്യം എന്നതിലുപരി, വ്യത്യസ്തമായ ഒരു സംസ്കാരം അവിടെനിന്നും രൂപപെട്ടു. എന്നാൽ കൂട്ടത്തിലെ ചിലർ തന്നെ ഇതിനെ ഒരു കച്ചവടമാക്കി മാറ്റി. ഒരു മുതലെടുപ്പ് എന്നും പറയാം.
ഇടനിലക്കാരായി നിന്നവർ (ബ്രോക്കർ ) കലാസികൾക്ക് തീരപ്രേദേശങ്ങളിലെ താഴെക്കിടയിലുള്ള സ്ത്രീകളെ പ്രലോഭിപ്പിച്ചു വിവാഹം ചെയ്തു കൊടുത്തു. എന്നാൽ കച്ചവടം കഴിഞ്ഞു തിരിച്ചു പോകുമ്പോ തല്ക്കാലം തലാക്ക് ചെയ്യുന്നു എന്ന് പറഞ്ഞ് കലാസികൾ മടങ്ങി പോകും. പിന്നീട് തിരിച്ചു വരുമ്പോഴേക്കും ബ്രോക്കർമാർ സ്ത്രീയെ ഉരുവുമായി വരുന്ന മറ്റ് കലാസികൾക്ക് വിവാഹം ചെയ്തു കൊടുപ്പിക്കും. തിരിച്ചെത്തുന്ന അറബിയെ കൊണ്ട് പുതിയ വിവാഹം കഴിപ്പിക്കും. ഈ പ്രവർത്തിയിൽ ബ്രോക്കർമാർ സ്ത്രീയുടെ വീട്ടിൽനിന്നും അറബിയുടെ പക്കൽ നിന്നും പണം കൈപ്പറ്റിയിരുന്നു.
സമൂഹം പുരോഗമിച്ചപ്പോൾ ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു. സാമൂഹിക രാഷ്ട്രീയ കക്ഷികൾ പൊതുയോഗം നടത്തി ഭീഷണി പെടുത്തി ഈ സമ്പ്രദായം നിർത്തി. ഉരു ആയിട്ട് വരുന്ന അറബികൾക്ക് ഇവിടെ നിന്ന് കല്യാണം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ആട്ടിയോടിച്ചു. അങ്ങനെ അറബി കല്യാണം ഇവിടെ നിർത്തലാക്കി.