മുണ്ടക്കൈ ചൂരൽ മല പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ഡൽഹിയിൽ എൽ ഡി എഫ് സംഘടിപ്പിക്കുന്ന രാപ്പകൽ സമരം. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധപ്രകടനം സംഘടിപ്പിക്കും. സി പി എം നേതാവായ സി കെ ശശീന്ദ്രൻ നേതൃത്വം നൽകുന്ന സമരസമിതിയാണ് കേന്ദ്ര സർക്കാരിനെതിരായ പ്രത്യക്ഷ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കേരള ഹൗസിൽ നിന്നും ആരംഭിച്ചു പ്രധാനമന്ത്രിയുടെ വസതിവരെയാണ് പ്രകടനം. പ്രകടനം പോലീസ് തടഞ്ഞാൽ അവിടെ കുത്തിയിരുന്നുകൊണ്ടു പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. 400ഓളം ജീവനുകൾ കവർന്ന മുണ്ടക്കൈ ചൂരൽമല ദുരന്തം പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ്.

നിരവധി മനുഷ്യർക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടു. ഇനിയും പലരും കാണാമറയത്താണ്. പല മൃതദേഹങ്ങളും തിരിച്ചറിയുകപോലും ചെയ്യാനാവാതെ നമ്പറുകളായി കുഴിമാടങ്ങളിൽ അവശേഷിക്കുന്നു. ഇത്രയും ആഴത്തിലും വ്യാപ്തിയിലുമുള്ള ദുരന്തം നടന്നിട്ടും കേരളത്തിനോട് കാണിക്കുന്ന കേന്ദ്ര സമീപനം അങ്ങേയറ്റം നിഷേധാത്മകവും മനുഷ്യത്വ രഹിതമാണെന്നും ആരോപിച്ചാണ് എൽ ഡി എഫ് പ്രകടനം സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പടെ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു എങ്കിലും ഒരു ദേശിയ ദുരന്തമായി പോലും ഇതിനെ പരിഗണിച്ചിട്ടില്ല. കേന്ദ്ര ബഡ്ജറ്റിലും പ്രതീക്ഷിച്ച പോലെ സഹായസമീപനങ്ങൾ കേന്ദ്രം നൽകിയില്ല. കേരള സർക്കാരിന്റെ തുടരെയുള്ള ആവശ്യങ്ങൾ മാനിച്ചു 529.50 കോടിയുടെ പലിശ രഹിത വായ്‌പ്പാ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.