പുനഃസംഘടനയ്ക്കൊരുങ്ങുമ്പോൾ കരുത്തനായി മാറുകയാണ് കെ സുധാകരൻ. മലയോര പ്രചരണ ജാഥയിലൂടെ വിഡി സതീശൻ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോൾ, അല്പം മോഡികൂട്ടി അങ്കത്തിന് തയ്യാറെടുക്കുകയാണ് സുധാകരന്റെ ലക്ഷ്യം. മാറേണ്ടിവരുമെന്ന സൂചന നൽകി തൽക്കാലം തുടരാൻ എഐസിസി അനുവദിച്ച സാഹചര്യത്തിൽ പുനഃസംഘടനയിലേക്ക് കടന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഇത്തരമൊരു നീക്കം. സ്ഥാനം ഒഴിയുന്നതിനുമുമ്പ് തന്റെ കൂടി താൽപ്പര്യത്തിൽ കെപിസിസി, ഡിസിസി ഭാരവാഹികളെ അതിവേഗം നിശ്‌ചയിക്കാനാണ് തീരുമാനം.
കോൺഗ്രസ് ബ്ലോക്ക് ജില്ലാ തലങ്ങളിൽ പുനഃസംഘടന ആരംഭിച്ചു. ആദ്യഘട്ടത്തിൽ മുൻകാല യൂത്ത് കോൺഗ്രസ് ഭാരവാഹികളെയാണ് ഡിസിസികളിലും ബ്ലോക്ക് കമ്മിറ്റികളിലും നിയമിച്ചത്. ഗ്രൂപ്പ് നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പുനഃസംഘടന തുടരും. താഴെത്തട്ടിലെ പുനഃസംഘടന പൂർത്തിയായതിനുശേഷം ചില ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരെയും മാറ്റും. അതിനുശേഷം മാത്രമേ സംസ്ഥാനതലത്തിൽ പുനസംഘടനയുണ്ടാവൂ. ഒരുമാസത്തിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാനാണ് നീക്കം. വലിയ പരാതികൾ ഇല്ലാതെ പുനസംഘടന പൂർത്തിയാക്കിയാൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആവുമെന്ന പ്രതീക്ഷയിലാണ് കെ. സുധാകരൻ.
അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട കെ.പി.സി.സി പുനഃസംഘടന ചർച്ചകളിൽ കെ. സുധാകരന് അതൃപ്തിയുണ്ടെന്നാണ് വിവരം. തനിക്കെതിരെ ഏകപക്ഷീയ നീക്കങ്ങൾ നടക്കുന്നെന്ന വികാരമാണ് സുധാകരനുള്ളത്. സ്ഥാനത്ത് കടിച്ചുതൂങ്ങാൻ താനില്ലെന്ന് കഴിഞ്ഞദിവസം പ്രതികരിച്ചെങ്കിലും വാക്കുകളിൽ പ്രതിഫലിച്ചത് പ്രതിഷേധമാണ്. ഇക്കാര്യം ഹൈകമാൻഡിനെയും അറിയിച്ചെന്നാണ് വിവരം. സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ചർച്ച നടത്തിയതിന് പിന്നാലെയാണ് പുനഃസംഘടനയുടെ പേരിൽ അസ്വസ്ഥത പുകയുന്നത്.
മാറ്റാൻ തീരുമാനിച്ച ഡിസിസികളിൽ പ്രസിഡന്റ് ആരാകണമെന്നതിലും ധാരണയായെന്നാണ് സുധാകരൻ വക്താക്കൾ പറയുന്നത്. അതിൽ തിരുവനന്തപുരത്ത് വി എസ് ശിവകുമാർ, കൊല്ലത്ത് സൂരജ് രവി, ആലപ്പുഴയിൽ കെ പി ശ്രീകുമാർ, ഇടുക്കിയിൽ സേനാപതി വേണു, തൃശൂരിൽ ജോസഫ് ടാജറ്റ് എന്നവർക്കാണ് മുൻഗണന. മലപ്പുറത്ത് പ്രസിഡന്റ് ജോയ് മത്സരിക്കുകയാണെങ്കിൽ ആര്യാടൻ ഷൗക്കത്ത് പ്രസിഡന്റാകും. തൃശൂരിൽ ഷാജി കോടങ്കണ്ടത്തിന്റെ പേരുകൂടി സജീവ പരിഗണനയിലാണെങ്കിൽ ഇടുക്കിയിൽ കൂടുതൽപേർ രംഗത്തുണ്ട്. സുധാകരനും കെ സി വേണുഗോപാലിനും ഒരുപോലെ സമ്മതരായവരെയാണ് കൂടുതലും പരിഗണിച്ചിട്ടുള്ളത്.
ദീർഘകാല പ്രവർത്തന പാരമ്പര്യമുള്ള ഒരു ഡസനിലധികം നേതാക്കൾ വരിയിൽ നിൽക്കെ സന്ദീപ് വാര്യരെ കോൺഗ്രസ് വക്താവാക്കി. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനവും താമസിയാതെ പ്രഖ്യാപിച്ചേക്കും. പാർടിയെ ആക്ഷേപിക്കുന്ന സന്ദീപിനെ പോലുള്ളവർ ബിജെപിയിൽനിന്ന് വന്ന് സുപ്രധാന കസേര സ്വന്തമാക്കുന്നതിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ യുവനേതാക്കളിൽ രോഷമുണ്ട്. ഇടഞ്ഞുനിൽക്കുന്നവരെ പരിഗണിച്ചില്ലെങ്കിൽ പൊട്ടിത്തെറി ഉറപ്പാണ്.
പ്രധാന പുനഃസംഘടനയ്ക്ക് മുന്നോടിയായി ബ്ലോക്ക്, ഡിസിസി തലത്തിൽ അഴിച്ചുപണിയാരംഭിച്ചു. മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികളെ ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർ യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്ന കാലത്തെ സഹ ഭാരവാഹികളെയാണ് ഈ പട്ടികയിൽ പരിഗണിച്ചിട്ടുള്ളത്. ഡിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളാണ് ഇവർക്ക് നൽകിയത്. യുവാക്കൾക്ക് പരിഗണന എന്ന ഓമനപ്പേരിൽ, പ്രധാന ഭാരവാഹിത്വത്തിൽ വരേണ്ട പലരേയും ഒതുക്കാനുള്ള നീക്കമാണ് നടന്നതെന്നും ആക്ഷേപമുണ്ട്.
കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് വലിയ തർക്കം നിലനിന്നിരുന്നു.. പിന്നീട് എഐസിസിയുമായി നേരിട്ട് ചർച്ചനടത്തിയതിന് ശേഷമാണ് അധ്യക്ഷ പദവിയിൽ നിന്ന് ഉടൻമാറ്റില്ല എന്ന ഉറപ്പ് നേടിയത്.. എന്നാൽ ഇപ്പോൾ കെപിസിസി അധ്യക്ഷ പദവിയിലെ മാറ്റവുമായി ബന്ധപ്പെട്ട് താൻ ആരെയും അതൃപ്തി അറിയിച്ചിട്ടില്ലെന്നാണ് കെസുധാകരന്റെ വാദം.. നേതൃമാറ്റം സംബന്ധിച്ച് താൻ ആരോടും സംസാരിച്ചിട്ടില്ല. ഈക്കാര്യത്തിൽ എഐസിസിക്ക് എന്തു തീരുമാനവുമെടുക്കാം. എന്തു വന്നാലും താൻ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുമെന്നും സുധാകരൻ പ്രതികരിച്ചു. നേരത്തെ കെപിസിസി അദ്ധ്യക്ഷ പദവിയിൽ നിന്നും ഇറക്കിവിട്ടാൽ സുധാകരൻ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നതായി വാർത്തയുണ്ടായിരുന്നു. കണ്ണൂർ കരുവഞ്ചാലിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻനയിക്കുന്ന മലയോര സമര പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി സംഘടനാ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുമായി സുധാകരൻ ഇതു സംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കെ സുധാകരൻ പ്രതികരണവുമായി കണ്ണൂരിൽ രംഗത്ത് വന്നത്. എന്നാൽ നേതൃമാറ്റം അനിവാര്യമാണെങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു വരെ കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷ പദവിയിൽ തുടരട്ടെയെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.