കാഞ്ഞങ്ങാട്: യുവതിയെ സാക്ഷിയാക്കി മറ്റൊരാൾക്ക് ലോൺ അനുവദിച്ചുവെന്ന് പരാതി. പരാതിയിൽ ധനകാര്യസ്ഥാപന മാനേജർ ഉൾപ്പെടെ രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഏച്ചിക്കാനം പൂടംങ്കല്ലടുക്കത്തെ സുനിതകുമാരിയുടെ പരാതിയിലാണ് കേസ്. കാഞ്ഞങ്ങാട്ട് ഇന്ത്യൻ കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ബ്രാഞ്ച് മാനേജർ അച്യുതാനന്ദ ഷേണായി, മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി അരവിന്ദ കുമാർ എന്നിവർക്കെതിരെയാണ് കേസ്.
2018 മേയ് അഞ്ചിന് സുനിതകുമാരിയെ ഒന്നാം സാക്ഷിയാക്കി അരവിന്ദകുമാറിന് ധനകാര്യ സ്ഥാപനത്തിൽ നിന്നും മൂന്നു ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നു. താൻ അറിയാതെയാണ് ഈ വായ്പ നടപടിയിൽ സാക്ഷിയാക്കിയതെന്നാണ് സുനിതകുമാരിയുടെ പരാതി. ധനകാര്യസ്ഥാപന മാനേജറുടെ അറിവോടുകൂടി വഞ്ചന നടത്തിയെന്നാണ് പരാതി.
സുനിതകുമാരിക്ക് ധനകാര്യ സ്ഥാപനം നോട്ടീസ് അയക്കുകയും സ്വത്ത് ജപ്തി ചെയ്യുമെന്ന് പറയുകയും ചെയ്തതോടെയാണ് പൊലീസിൽ പരാതി നൽകിയത്.