ഡോക്യുമെന്ററി വിഷയത്തിൽ ധനുഷ് നയൻതാര തർക്കം ചർച്ചയായിരിക്കുന്നതിനിടെ നെറ്റ്ഫ്ലിക്സിന് തിരിച്ചടി. ധനുഷിനെതിരെ നെറ്റ്ഫ്ലിക്സ് ഇന്ത്യ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ധനുഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇതിനെതിരെ നെറ്റ്ഫ്ലിക്സ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നയൻതാരയെക്കുറിച്ചുള്ള ഡോക്യുമെന്ററി കഴിഞ്ഞ നവംബർ 18ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ആയിരുന്നു.
ധനുഷ് നിർമ്മിച്ച് നയൻതാര അഭിനയിച്ച നാനും റൗഡി താൻ എന്ന ഹിറ്റ് സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നയൻതാരയുടെ ഭർത്താവ് വിഘ്നേഷ് ശിവനാണ് സിനിമയുടെ സംവിധായകൻ.
മേക്കിംഗ് ദൃശ്യങ്ങൾ ഉൾപ്പെടുത്താൻ ധനുഷ് അനുവാദം നൽകിയിരുന്നില്ല. അപ്പോൾ നയൻതാര ഷൂട്ടിംഗ് സെറ്റിൽ വെച്ച് തൻ്റെ ഫോണിൽ ചിത്രീകരിച്ച ഏതാനും വീഡിയോകൾ ഉൾപ്പെടുത്തി. ഇതിനെതിരെയാണ് ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻസിന് വക്കീൽ നോട്ടീസ് അയച്ചത്. ഈ വിഷയം നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് കാര്യങ്ങൾ വഷളായത്. 3 മിനിറ്റ് വീഡീയോയ്ക്ക് 10 കോടി ആവശ്യപ്പെടുന്നത് അന്യായമാണെന്നും അവർ പറഞ്ഞു.
ധനുഷിന്റെ ഹർജി ഫെബ്രുവരി 5ന് ഹൈക്കോടതി പരിഗണിക്കും.