2025 ലെ കേന്ദ്ര ബഡ്ജറ്റിൽ ബിഹാറിലെ മഖാനാ കർഷകർക്കായി ഒരു മഖാനാ ബോർഡ് രുപീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. മഖാനയുടെ ഉത്പാദനം, വിപണനം, എന്നിവയെ ശക്തിപ്പെടുത്താൻ ആണ് ബോർഡ് രൂപീകരിക്കുന്നത് എന്നാണ് വിശദീകരിച്ചത്. സ്വാഭാവികമായും ചിലർക്കെങ്കിലും ഉണ്ടായേക്കാവുന്ന ഒരു സംശയമാണ് എന്താണ് മഖാനാ എന്ന്. മഖാനയെ പറ്റി കൂടുതൽ അറിയാം.
മഖാന നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു ഭക്ഷ്യ വസ്തുവാണ്. കിഴക്കൻ ഏഷ്യയിലെ കുളങ്ങളിൽ കാണാൻ സാധിക്കുന്ന Euryale Fox എന്ന ഒരു ചെടിയിൽ നിന്നാണ് ഫോക്സ് നട്ട്സ് അല്ലെങ്കിൽ താമര വിത്തുകൾ ലഭ്യമാകുന്നത്. ഇതിന്റെ മറ്റൊരു പേരാണ് മഖാനാ. അവ പോഷകഗുണമുള്ള ‘ആരോഗ്യകരമായ ഭക്ഷണങ്ങളുടെ’ പട്ടികയിൽ ഇടം നേടുകയും ചെയ്‌തിട്ടുണ്ട്. കൊളസ്ട്രോൾ, കൊഴുപ്പ്, സോഡിയം എന്നിവ കുറവായതുകൊണ്ട് തന്നെ ഇതൊരു ഇടഭക്ഷണം അല്ലെങ്കിൽ ഒരു ലഘുഭക്ഷണമായി ഉപയോഗിക്കുന്നു. കുറഞ്ഞ ഗ്ളൂട്ടൻ അളവും ധാരാളം പ്രോടീനുകളാൽ സമ്പുഷ്ടവും ഉയർന്ന കാർബോഹൈഡ്രേറ്റ് അളവുകളുമാണ് ഇതിനെ ഒരു ആരോഗ്യകരമായ ഭക്ഷണമാക്കുന്നത്. ശരിയായ അളവിലും ശരിയായ രീതിയിലും കഴിച്ചാൽ, മഖാന നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്നും പഠനങ്ങൾ പറയുന്നു. മഖാനാ റോയ്സ്റ്, മഖാന ലഡ്ഡു, ഫ്രൈഡ് മഖാന, മഖാന ഷെയ്ക്ക് എന്നിങ്ങനെ രുചികരമായ പല ലഘുഭക്ഷണങ്ങളും മഖാന കൊണ്ട് തയ്യാറാക്കാവുന്നതാണ്.
മഖാന എന്ന ആരോഗ്യ സ്രോതസ്സ്.
മഖാനകളിൽ സോഡിയതിന്റെ അളവ് കുറവും പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ കൂടുതലും ആയതിനാൽ ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ഇത് ഉപയോഗപ്രദമാണ്. ഉയർന്ന അളവിൽ കാൽസ്യം ഉള്ളതിനാൽ അത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മികച്ചതാണ്. കിഡ്നി പ്രശ്നങ്ങൾക്കും, ശരീരത്തിലുണ്ടാകുന്ന വീക്കം, പ്രമേഹം പോലെയുള്ള ജീവിത ശൈലി രോഗങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ മഖാന സഹായിക്കുന്നു. കാൽസ്യം, ഇരുമ്പു എന്നീ മൂലകങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഗർഭിണികൾക്ക് ഇവ ഉത്തമമാണ്. കൊഴുപ്പു, കലോറികൾ എന്നിവ കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഒരു ഭക്ഷണമായും ഇതിനെ കണക്കാക്കുന്നു. ഒരു കപ്പ് മഖാനയിൽ 106 കലോറികളാണ് കണക്ക്. മതിയായ അളവിൽ പ്രോടീൻ ഉൾപെട്ടിട്ടുള്ളതുകൊണ്ടു തന്നെ അമിത വിശപ്പ് കുറയ്ക്കാനും അതിലൂടെ മൈതമായി ഭക്ഷണം കഴിക്കാനുള്ള താല്പര്യവും കുറയുന്നു. മഖാന വറുത്തോ പൊടിച്ചോ പുഴുങ്ങിയോ അല്ലെങ്കിൽ ഒരു കറിയായും കഴിക്കാവുന്നതാണ്.