ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസി സീറ്റില്‍ നരേന്ദ്രമോദിക്കെതിരെ പ്രിയങ്കമത്സരിക്കണം. .സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേര് നിര്‍ദേശിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് പ്രിയങ്കയുടെ പേര് മമത മുന്നോട്ടുവച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
2019ല്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. പ്രിയങ്ക മോദിയെ നേരിടണമെന്ന ആവശ്യമുന്നയിച്ച് പോസ്റ്ററുകളുള്‍പ്പടെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അജയ് റായിയേയാണ് കോണ്‍ഗ്രസ് അന്ന് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്നു മമത നിര്‍ദേശിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് നേരത്തെ പറഞ്ഞ മമത ഏവരെയും ഞെട്ടിച്ചാണു ഖര്‍ഗെയുടെ പേര് മുന്നോട്ടുവച്ചത്.