ഛത്തീസ്ഗഡിൽ സംയുക്ത സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. റിസർവ് ഗാർഡ്, സിആർപിഎഫ്, കോബ്ര, ഒഡീഷയുടെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നീ സേനകളുടെ കൂട്ടായ നേതൃത്വത്തിൽ കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്ന് രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ.
സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വിലപറഞ്ഞിരുന്ന നിരോധിത മാവോയിസ്റ് സംഘടനയുടെ നേതാവായ ജയറാം ഉൾപ്പെടെയുള്ളരെയാണ് വധിച്ചത്. ജനുവരി 19 ന് രാത്രിയാണ് സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. മേഖലയിൽ മുതിർന്ന മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരം ലഭിച്ചതോടെയാണ് പരിശോധന ആരംഭിച്ചത്. നക്സലിസത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ അമിത് ഷാ അഭിനന്ദിച്ചു.