ആലപ്പുഴ: കേരളത്തിലെ കർഷകർക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. കേരളത്തിലെ കർഷകർ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും അരി തമിഴ്നാട്ടിൽ നിന്ന് വരുമെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. കൃഷി മന്ത്രി പി പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിയിലായിരുന്നു സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്.
‘തമിഴ്നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളത്തിൽ ആരും പട്ടിണി കിടക്കില്ല. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. സർക്കാർ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ട്. അതിനോട് സഹകരിക്കാൻ കർഷകർ തയ്യാറാകുന്നില്ല’- മന്ത്രി പറഞ്ഞു. മാന്നാർ ചെന്നിത്തല പഞ്ചായത്തിൽ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം. ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കിൽ ഇനി കൃഷി ചെയ്യില്ലെന്ന് അവിടെയുള്ള കർഷകർ പറഞ്ഞിരുന്നു. ഇതിന് മറുപടി എന്ന തരത്തിലായിരുന്നു സജി ചെറിയാന്റെ പരാമർശം.
അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കർഷക സംഘടനകൾ രംഗത്തെത്തി. ഒരു മന്ത്രി ഒരിക്കലും നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും കർഷക സംഘടനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ആലപ്പുഴയിൽ കർഷകൻ കട ബാദ്ധ്യതയുടെ പേരിൽ ആത്മഹത്യ ചെയ്ത സംഭവം ചർച്ചയാകുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം പുറത്തുവന്നിരിക്കുന്നത്.