സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമരം രമ്യതയിൽ അവസാനിപ്പിക്കാനും സംസ്ഥാന സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനപ്പുറം സർക്കാരിന് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിഷേധം 58 ദിവസങ്ങൾ പിന്നിടുമ്പോൾ നടന്ന 4 ചർച്ചകളിലും തീരുമാനമായിട്ടില്ല.

തൊഴില്‍ മന്ത്രി എന്ന നിലയില്‍ ആശാവർക്കർമാർ തന്നെ കാണാൻ വന്നിരുന്നുവെന്നും അവരുടെ നിവേദനം കൈപ്പറ്റിയെന്നും ശിവൻകുട്ടി പറഞ്ഞു. ഓണറേറിയം വർദ്ധിപ്പിക്കുന്നതടക്കമുളള ആവശ്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് സമരസമിതി അഞ്ച് നിവേദനങ്ങള്‍ നല്‍കി. ആവശ്യങ്ങള്‍ പഠിക്കാനുള്ള കമ്മിറ്റി ഒരു മാസത്തിനുള്ളില്‍ രൂപീകരിച്ച് റിപ്പോർട്ട് നല്‍കുമെന്നും ശിവൻകുട്ടി സമരക്കാർക്ക് ഉറപ്പ് നല്‍കി. എന്നാല്‍ അതില്‍ സമരസമിതി ചർച്ച ചെയ്ത് നിലപാട് അറിയിക്കാം എന്നാണ് മറുപടി നല്‍കിയത്.
ഏതായാലും നിലവില്‍ സമരവുമായി ശക്തമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഏപ്രില്‍ 12ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തില്‍ പൗരസാഗരം സംഘടിപ്പിക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.