മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കണ്ടെത്താൻ ഇന്ന് ഊർജിതമായ തിരച്ചിൽ നടത്തുമെന്ന് വനം വകുപ്പ്. ഇന്നലെയാണ് കാപ്പിത്തോട്ടത്തിൽ വിളവെടുക്കാൻ പോയ രാധ എന്ന സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് കടുവയെ പിടികൂടാൻ ഇറങ്ങുക. കൂടുതൽ ആർ ആർ ടി സംഘങ്ങൾ ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. കുംകിയാനകളും തെർമൽ ഡ്രോണുകളും എല്ലാം ഉപയോഗിച്ചാണ് കടുവയുടെ സാന്നിധ്യം എവിടെയെന്നു കണ്ടെത്താൻ ശ്രമിക്കുന്നത്. ഇന്നലെ തന്നെ പ്രദേശത്തു കൂടുകൾ സ്ഥാപിച്ചിരുന്നു.
വന്യജീവി ആക്രമണത്തിൽ സർക്കാരിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ചു യു ഡി എഫും എസ് ഡി പി ഐയ്യും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. മാനന്തവാടി മുനിസിസിപ്പാലിറ്റി പരിധിയിൽ രാവിലെ 6 മുതൽ വൈകിട് 6 വരെയാണ് ഹർത്താൽ. ഇന്നലെ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് പകൽ 11 മണിക്ക് സംസ്കരിക്കും.