ഇടുക്കി: നെടുങ്കണ്ടം കൂട്ടാറിലെ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനത്തിന് ആളൊഴിഞ്ഞ കസേരകൾ കണ്ട് ക്ഷുഭിതനായി മുൻമന്ത്രി എം എം മണി എംഎൽഎ. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ”ആളെക്കൂട്ടി പരിപാടി വയ്ക്കേണ്ടതാ, അതൊന്നും ചെയ്തിട്ടില്ല. പണം മുടക്കുന്നതു ഞങ്ങളാണ്. പരിപാടി നടത്തുമ്പോള്‍ ആളുകളെ കൂട്ടാനുള്ള സാമാന്യമര്യാദ കാണിക്കണം. ചുമ്മാ ഒരുമാതിരി ഏര്‍പ്പാടാ നടത്തിയത്. എനിക്കീ കാര്യത്തില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എന്ന രീതിയില്‍ സാമാന്യമര്യാദ കാണിച്ചില്ല”, എന്ന് എം എം മണി പഞ്ചായത്ത് പ്രസിഡന്റിനോടു പറഞ്ഞു. തുടർന്ന് സ്റ്റേജ് ഉദ്ഘാടനം ചെയ്തതായി അറിയിച്ച് എംഎംമണി വേദി വിട്ടിറങ്ങി. യുഡിഎഫ് ഭരിക്കുന്ന കരുണാപുരം പഞ്ചായത്താണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഉദ്ഘാടന യോഗം നേരത്തേ തുടങ്ങിയതിനാലാണ് ജനങ്ങള്‍ എത്താതിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ് പറഞ്ഞു.
അതേസമയം ഉദ്ഘാടനം നിശ്ചയിച്ചിരുന്നത് 6 മണിക്ക് ആയിരുന്നു എന്നും 5.15-ന് എംഎല്‍എ എത്തിയ ഉടന്‍ യോഗം തുടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.