ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോദ്ധ്യ സന്ദർശിക്കും. രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളവും അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശേഷം 15,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. എക്‌സിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചത്. ജനുവരി 22നാണ് അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക.ലോകോത്തര നിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഭഗവാൻ ശ്രീരാമന്റെ നഗരമായ അയോദ്ധ്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാനും സർക്കാർ തീരുമാനിച്ചു. ഇവിടെ പുതുതായി നിർമിച്ച വിമാനത്താവളവും പുതുക്കിയ റെയിൽവേ സ്റ്റേഷനും നാളെ ഉദ്ഘാടനം ചെയ്യും. അയോദ്ധ്യയും യുപിയുമുൾപ്പെടെ രാജ്യത്തിന്റെ പല സ്ഥലങ്ങളിലുമുള്ള എന്റെ കുടുംബാംഗങ്ങളുടെ ജീവിതം സുഗമമാക്കുന്നതിന് വേണ്ടിയുള്ള വികസന പദ്ധതികളും നാളെ പ്രഖ്യാപിക്കും. ‘- എന്നാണ് മോദിയുടെ ഒഫീഷ്യൽ എക്സ് പേജിൽ പോസ്റ്റ് ചെയ്തിരുന്നത്.
രാവിലെ 11.15 നാണ് 240 കോടി ചെലവഴിച്ച് പുതുക്കിയ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം. 12.15ന് 1450 കോടി ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ വിമാനത്താവളവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് ഒരുമണി മുതൽ മോദിയുടെ 16 കിലോമീറ്റർ റോഡ് ഷോയും ഉണ്ടാകും. തുടർന്ന് നടക്കുന്ന പൊതുപരിപാടിയിലാണ് വികസന പദ്ധതികൾ പ്രഖ്യാപിക്കുക.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അയോദ്ധ്യ നഗരം മുഴുവൻ ഇതിനോടകം അലങ്കരിച്ചു കഴിഞ്ഞു. നിരോധിത ഖലിസ്ഥാൻ സംഘടനാ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു മോദിയെ റോഡ്ഷോക്കിടെ ആക്രമിക്കണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോദ്ധ്യയിൽ വിവിധ സേനാ വിഭാഗങ്ങളെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വർഷങ്ങളുടെ തയാറെടുപ്പുകൾക്ക് ശേഷമാണ് നരേന്ദ്രമോദി അയോദ്ധ്യയിലേക്കെത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടിയാണ് ഇവിടെ തുടക്കമിടുന്നത്.#modi
Read more- രാമക്ഷേത്ര പ്രതിഷ്ഠ; മതസൗഹാർദത്തിന്റെ അവസരമാക്കണം: ഫറൂഖ് അബ്ദുള്ള