മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രിൽ ഇരുപത്തിയഞ്ചിനാണ് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനത്തുന്നത്. ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളി പ്രേക്ഷകൻ്റെ എക്കാലത്തേയും ഇഷ്ട ജോഡികളായ മോഹൻലാലും – ശോഭനയും ഏറെ ഇടവേളക്കുശേഷം ഒത്തുചേരുന്നു എന്ന പ്രത്യേകതയുമുണ്ട്.

സമൂഹത്തിലെ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ കുടുംബ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം പിന്നീട് ഇമോഷണൽ രംഗങ്ങളിലേക്കും, സംഘർഷങ്ങളി
ലേക്കും കടക്കുകയാണ്. യഥാർത്ഥ ജീവിതത്തിൻ്റെ മുഹൂർത്തങ്ങൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് തുടരും എന്ന ഈ ചിത്രത്തിലൂടെ. വലിയ മുതൽമുടക്കിൽ, നൂറ് ദിവസങ്ങൾക്കു മേൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.

മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ പ്രതാപ്, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി സുരേഷ്‌കുമാർ, ജെയ്‌സ് മോൻ, ഷോബി തിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു.
ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു.