ന്യൂഡൽഹി: ലോകത്തെ ഏറ്റവും വിലപിടിപ്പുളള രാമായണം അയോദ്ധ്യയിലെത്തിച്ചു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിന് മുന്നോടിയായിട്ടാണിത്. തമിഴ്നാട്ടിലെ പുസ്തക വ്യാപാരിയായ മനോജ് സതിയാണ് രാമായണം അയോദ്ധ്യയിലെത്തിച്ചത്. 1.65ലക്ഷം വിലമതിക്കുന്ന രാമായണത്തിന് 45 കിലോഗ്രാം ഭാരമുണ്ട്.
ഏറെ സവിശേഷതകളുളള രാമായണം ഏകദേശം 400 വർഷത്തോളം യാതൊരു കേടുപാടും സംഭവിക്കാതെ സൂക്ഷിക്കാമെന്ന് മനോജ് സതി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനുവേണ്ടി മൂന്ന് നിലകളോളം ഉയരമുളള ബുക്ക് കേസും നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് തലമുറക്ക് ഈ രാമായണം വായിക്കാൻ സാധിക്കും. രാമക്ഷേത്രത്തിന്റെ മാതൃക ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന രാമായണമാണിതെന്ന് മനോജ് സതി വ്യക്തമാക്കി.
അമേരിക്കൻ വാൽനട്ടിന്റെയും കുങ്കുമത്തിന്റേയും തടിയുപയോഗിച്ചാണ് പുസ്തകം നിർമിച്ചിരിക്കുന്നത്. ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന പ്രത്യേക മഷിയുപയോഗിച്ചാണ് ശ്ളോകങ്ങൾ പ്രിന്റ് ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ നിർമ്മിച്ച പേപ്പറാണ് പുസ്തകം നിർമിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ഓരോ പേജും വ്യത്യസ്ത ശൈലിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. രാമായണത്തിലുളള ഏഴ് കാണ്ഡങ്ങളുടെയും ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകളും ഈ പുസ്തകത്തിലുണ്ട്. ആസിഡ് ഉപയോഗിക്കാത്ത പേറ്റന്റ് പേപ്പറുകൾ ഉപയോഗിച്ചാണ് നിർമാണം. ഇവ മാർക്കറ്റിൽ ലഭ്യമല്ലെന്നും മനോജ് സതി വ്യക്തമാക്കി.
അതേസമയം, രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ മധുരപലഹാരങ്ങൾ വിൽക്കുന്നതിൽ ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിന് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു. കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അയോദ്ധ്യാ പ്രസാദം, രഘുപതി നെയ്യ് ലഡ്ഡു, ഖോയ ഖോബി ലഡ്ഡു, രാം മന്ദിർ ദേസി മിൽക്ക് പേട തുടങ്ങിയവയാണ് രാമക്ഷേത്ര അയോദ്ധ്യ ക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ ആമസോണിൽ ലഭിക്കുന്നത്. നോട്ടീസിൽ മറുപടി നൽകാൻ ഏഴ് ദിവസമാണ് ആമസോണിന് അനുവദിച്ചിരിക്കുന്നത്. ഇത് പാലിക്കാതെ വന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.