ന്യൂഡൽഹി: പാർളമെന്റിൽ പ്രതിഷേധിച്ച 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ ഇന്ന് ലോക്സഭയിൽ രണ്ട് പേരെ കൂടി സസ്‌പെൻഡ് ചെയ്തു.. കേരളത്തിൽ നിന്നുളള എംപിമാരായ തോമസ് ചാഴിക്കാടനേയും എ എം ആരിഫിനേയുമാണ് ഒടുവിലായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.സഭയിൽ പ്ലക്കാർഡ് പിടിക്കുകയും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തതായി ആരോപിച്ചാണ് എംപിമാർക്കതിരെ നടപടിയെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ ‘പുറത്താക്കൽ’ പരമ്പരയ്ക്കാണ് പാർളമെന്റിന്റെ പുതിയമന്ദിരം സാക്ഷ്യം വഹിക്കുന്നത്. പാർളമെന്റിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി ആറ് ദിവസങ്ങളിലായി നടത്തുന്ന പ്രതിഷേധങ്ങൾക്കിടയിലാണ് കൂട്ടസസ്‌പെൻഷൻ നടപടി.നിലവിൽ 143 എംപിമാരെയാണ് ഇരുസഭകളിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പുറത്താക്കൽ പരമ്പരയ്ക്കിടെ കേരളത്തിൽ നിന്നുള്ള നാല് എംപിമാർ മാത്രമാണ് ഇനി രാജ്യസഭയിലും ലോക്‌സഭയിലുമായി ബാക്കിയുള്ളത്.