പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കമായി ഇടത് സ്വതന്ത്ര എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍ തുറന്നുവിട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒരുവേള പതറിയെങ്കിലും പിന്നീടുള്ള നീക്കങ്ങള്‍ ചടുലമായിരുന്നു. അന്‍വര്‍ തുറന്നുവിട്ട പുകമറകളില്‍ നേതാക്കള്‍ കുടുങ്ങാതിരിക്കാനായിരുന്നു ആദ്യ ജാഗ്രത. അന്‍വറിന് പിന്നില്‍ പാര്‍ട്ടിയിലെ വമ്പന്‍ സ്രാവുകള്‍ ഉണ്ടായിരുന്നെന്നും അവര്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്നും പിണറായി വിജയന് വ്യക്തമായിരുന്നു. അതിനാല്‍ തന്നെ അവരെ സംശയമുനയില്‍ നിര്‍ത്തിക്കൊണ്ടുതന്നെ സമ്മേളന നടത്തിപ്പില്‍ ഇടപെടുകയായിരുന്നു അദ്ദേഹം.ഇതോടെ പി ജയരാജന്‍, എംവി ജയരാജന്‍, എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ തനിക്കെതിരെ നീങ്ങാന്‍ ശേഷിയുള്ള നേതൃനിരയെ സൂക്ഷ്മമായി നിരീക്ഷിച്ചുതന്നെ മുന്നോട്ടുപോയി.

ജില്ലാ സമ്മേളനങ്ങളില്‍ മിക്കവയിലും നേരിട്ട് പങ്കെടുത്തത് പിണറായി വിജയൻ തന്നെ. ഇതോടെ സമ്മേളന ചര്‍ച്ചകളില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത് തടയാന്‍ അദ്ദേഹത്തിനായി. ജില്ലാ സമ്മേളനങ്ങളില്‍ സംസ്ഥാന സെക്രട്ടറി മറുപടി പറയേണ്ടിടത്ത് പല ജില്ലകളിലും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞതും അദ്ദേഹം തന്നെ. ജില്ലാ തെരഞ്ഞെടുപ്പുകളില്‍ ഇതോടെ അദ്ദേഹം ആധിപത്യം സ്ഥാപിച്ചു. ജില്ലാ സെക്രട്ടറിമാരില്‍ ഏറിയ പങ്കും വിശ്വസ്തരായി. ഗോവിന്ദനെ പിണക്കാതിരിക്കാന്‍ പത്തനംതിട്ടയില്‍ രാജു എബ്രാഹം പോലെ അദ്ദേഹം പറഞ്ഞവയും പരിഗണിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഇഷ്ടക്കാര്‍ക്കായിരുന്നു പരിഗണന ലഭിച്ചത്.
ഇടയ്ക്ക് പാര്‍ട്ടിയുമായി ഇടഞ്ഞ് ഒരുകാല്‍ പുറത്തേയ്ക്ക് വച്ച ഇപി ജയരാജനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തി. ഇതോടെ പ്രായപരിധിയിലടക്കം ഇളവ് അനുവദിച്ച് ഇപിയെ വീണ്ടും പാര്‍ട്ടിയില്‍ സജീവമാക്കും. അങ്ങനെ സംസ്ഥാന സമ്മേളനത്തിന്‍റെ പൂര്‍ണ നിയന്ത്രണമാണ് പിണറായി കൈക്കലാക്കിയിരിക്കുന്നത്. ഇതോടെ സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഇനി പിണറായിയുടെ വിശ്വസ്തര്‍ ഇടം പിടിക്കും, റിയാസിന്‍റെയും.
സംസ്ഥാന സെക്രട്ടറി പദവിയില്‍ എംവി ഗോവിന്ദന്‍ തുടരും. അതും പിണറായിയുടെ കൂടി കനിവോടെ. അതിനാല്‍തന്നെ തുടര്‍ച്ചയായ മൂന്നാം വട്ടവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുക പിണറായി വിജയൻ തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിലൂന്നിയാണ് കൊല്ലം സംസ്ഥാന സമ്മേളനവും ആരംഭിക്കുന്നത്. അജണ്ടയും അതുതന്നെ.