തിരുവനന്തപുരം: ഡി സി സി ഓഫീസിന് മുന്നിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ഓഫീസിന് മുന്നിൽ വലിയ പൊലീസ് സന്നാഹമാണ് ഉള്ളത്. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ ഓഫീസിൽ കയറി പിടികൂടാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ ഓഫീസിൽ ഉണ്ട്. ധെെര്യമുണ്ടെങ്കിൽ പൊലീസ് ഡി സി സി ഓഫീസിൽ കയറട്ടെയെന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് അറസ്റ്റ് ചെയ്ത നാല് പ്രവർത്തകരെ വാഹനത്തിൽ കൊണ്ടുപോകുന്ന വഴി ഡി സി സി ഓഫീസിന് മുന്നിൽ വച്ച് തടഞ്ഞ് പ്രവർത്തകർ അവരെ രക്ഷപ്പെടുത്തി ഉള്ളിൽ കൊണ്ടുപോയെന്നാണ് പൊലീസ് വിശദീകരണം. ഇവരെ പിടികൂടാനാണ് പൊലീസ് എത്തിയത്. വാഹനം ഉൾപ്പെടെ തകർത്താണ് പ്രതികളെ രക്ഷിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ ഡി സി സി ഓഫീസിനുള്ളിലേയ്ക്ക് പൊലീസിനെ കയറ്റിവിട്ടില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇവിടേയ്ക്ക് എത്തിക്കൊണ്ട് ഇരിക്കുകയാണ്.