സി പി ഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള തീരുമാനത്തിന്മേൽ സംസ്ഥാന കമ്മറ്റിയിൽ നിന്നും 21 മുതിർന്ന നേതാക്കൾ ഒഴിവായേക്കുമെന്നു സൂചന. കൂടുതൽ യുവാക്കളും പുതുതായി തെരെഞ്ഞെടുത്ത ജില്ലാ സെക്രെട്ടറിമാരും സി പി ഐ എം സംസ്ഥാന കമ്മറ്റിയിൽ ഇടം പിടിക്കും. പ്രായപരിധിയുടെ മാനദണ്ഡത്തിൽ തന്നെ 11 പേർ കമ്മിറ്റിയിൽ നിന്നും പുറത്താകും. 2025ൽ 75 വയസ്സ് കഴിഞ്ഞരക്കാണ് പ്രായപരിധി മാനദണ്ഡം ബാധകമാവുക.

കോടിയേരി ബാലകൃഷ്ണൻ, എം സി ജോസഫൈൻ, എ വി റസ്സൽ എന്നിവരുടെ മരണത്തോടെ 3 ഒഴിവുകൾ സംസ്ഥാന കമ്മിറ്റയിൽ ഉണ്ടായിരുന്നു. പാർട്ടി അച്ചടക്ക ലംഘനത്താൽ സൂസൻ കോടി, കെ രാജഗോപാൽ എന്നിവരും പാർട്ടി നടപടിയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റയിൽ നിന്നും പുറത്താക്കപ്പെടുമെന്നാണ് സൂചന. ഇത് കൂടാതെയാണ് പ്രായപരിധി മാനദണ്ഡത്താലും ആരോഗ്യപ്രശ്നനങ്ങളാലും ചിലർ കമ്മിറ്റയിൽ നിന്നും വിടവാങ്ങുന്നത്.

പുതുതായി തെരെഞ്ഞെടുത്ത ജില്ലാ സെക്രെട്ടറിമാരിൽ മെഹ്ബൂബ് (കോഴിക്കോട്), റഫീഖ് (വയനാട്), എം രാജഗോപാൽ (കാസറഗോഡ്), വി പി അനിൽ (മലപ്പുറം), കെ വി അബ്ദുൽ ഖാദർ (തൃശൂർ) എന്നിവർ സംസ്ഥാന കമ്മറ്റിയിൽ എത്തും. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. യുവജന പ്രസ്ഥാനത്തിൽ നിന്നും വി വസീഫ്, വി കെ സനോജ്, കെ അനുശ്രീ, ജയ്ക്ക് സി തോമസ് എന്നിവർ ഉൾപെടാനാണ് സാധ്യത.