പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജനതാ ദൾ യുനൈറ്റഡ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ വെച്ച് നടന്ന പാർട്ടിയുടെ ദേശീയ എക്സിത്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം. പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനും ജാതി സെൻസസ് വിഷയത്തിന് നേതൃത്വം നൽകിയതും കണക്കിലെടുത്താണ് നടപടി.
എം.പിയും മുൻ ജെ.ഡി.യു അധ്യക്ഷനുമായ രാജീവ് രഞ്ജൻ സിങ് (ലാലൻ സിങ് ) സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനെ പാർട്ടി തെരഞ്ഞെടുത്തത്. ദേശീയ യോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ലാലൻ സിങ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് വ്യക്തമാക്കിയത്. 2016ൽ നിതീഷ് കുമാർ ശരദ് യാദവിനെ പകരമായി പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരുന്നു. 2020ൽ സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ വർഷം പാർട്ടി വിട്ട മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിങ് ആയിരുന്നു 2020ൽ ജെ.ഡി.യുവിന്റെ ദേശീയ അധ്യക്ഷൻ.
പാർട്ടിയുടെയും രാജ്യത്തിന്റേയും ഏകക്ണഠമായ ആവശ്യത്തെ മുൻനനിർത്തിയാണ് നിതീഷ് കുമാറിനെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ ഉമേഷ് കുശ്വാഹ വ്യക്തമാക്കി. ഇൻഡ്യ സഖ്യവുമായി ലാലൻ സിങ് നടത്തുന്ന പ്രവർത്തനങ്ങളിൽ അതൃപ്തിയറിയിച്ച് നിതീഷ് കുമാർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിങ് അധ്യക്ഷ സ്ഥാനം രാജിവെച്ചതെന്നാണ് റിപ്പോർട്ട്. നേരത്തെ താൻ രാജിവെക്കില്ലെന്നും മാധ്യമങ്ങൾ പാർട്ടിക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സിങ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.