2025 ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാനിരിക്കെ പുതിയ വിവാദത്തിന് തുടക്കം. കറാച്ചിയിലെ നാഷണൽ ബാങ്ക് സ്റ്റേഡിയത്തിൽ ആതിഥേയരായ പാകിസ്ഥാന്റെ ഉൾപ്പടെ എല്ലാവരുടെയും പതാകകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഇന്ത്യൻ പതാക മാത്രമില്ല. ഇതിനുള്ള കാരണങ്ങൾ ഇപ്പോളും അവ്യക്തമാണ്. ഐ സി സിയോ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡോ ഇതിൽ ഒരു ഔദ്യോഗിക വിശദീകരം ഇതുവരെ നൽകിയിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ പതാകയുമായി ബന്ധപ്പെട്ടു പല തരത്തിലുള്ള വിശദീകരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

സുരക്ഷാ പ്രശനങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് ബി സി സി ഐ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുടെ മത്സരങ്ങളും ദുബൈയിൽ വെച്ച് നടത്താൻ ധാരണയായി. ഇന്ത്യ സെമിയിലും ഫൈനലിലും പ്രവേശിച്ചാൽ പാകിസ്ഥാനിൽ വെച്ച് നടത്തേണ്ട മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റാൻ ബോർഡ് നിർബന്ധിതമാകും. തങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഒരു ഐ സി സി ടൂർണമെന്റിന്റെ സെമിയും ഫൈനലും തങ്ങളുടെ നാട്ടിൽ വെച്ച് നടത്താൻ സാധിച്ചില്ലെങ്കിൽ അത് സാമ്പത്തികമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ക്ഷീണമാണ്. മാത്രമല്ല ഇത് എന്നും ഒരു നാണക്കേടായി അവശേഷിക്കുകയും ചെയ്യും. ടൂര്ണമെന്റിനായി പാകിസ്താനിലേക്ക് പോകാൻ വിസമ്മതിക്കുന്ന ഒരു ടീമിന്റെ പതാക എന്തിന് അവിടെ സ്ഥാപിക്കണം എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.