എടപ്പാൾ: വാഹനത്തിൽ കൊണ്ടുപോകുകയായിരുന്ന രണ്ടായിരം കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ആനക്കര റൂട്ടിലെ തിരുമാണിയൂരിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് സംഭവം. ദുർഗ്ഗന്ധം വമിച്ച് മലിനജലം പുറത്തേക്കൊഴുകി കടന്നു പോയ ലോറി നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. അധികൃതർക്ക് വിവരം നൽകിയതിനെ തുടർന്ന് പോലീസ്, ഫുഡ് സേഫിറ്റി, ആരോഗ്യ വിഭാഗം , ഗ്രാമപഞ്ചായത്തംഗം ഷീജ പി .വി എന്നിവർ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധയിൽ നാല്പത്തിയഞ്ചോളം ബോക്സുകളിലായി രണ്ടായിരത്തി ഇരുനൂറ്റി അമ്പത് കിലോഗ്രാം പഴകിയ മത്സ്യങ്ങൾ കണ്ടെത്തി. മത്സ്യം വാഹനത്തിൽ കൊണ്ടുപോകുന്നതിൽ യാതൊരു മാനസദണ്ഡവും പാലിക്കാതെയും, നിയമപരമായ യാതൊരു രേഖകളുമില്ലാതെയാണ് കൊണ്ടു പോകുന്നതെന്ന് കണ്ടെത്തുകയും ഫുഡ് സേഫ്റ്റി വിഭാഗം ലോറി പിടിച്ചെടുത്ത് ലാബ് പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.എ നജീബിൻ്റെ സഹകരണത്തോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നശിപ്പിക്കുകയായിരുന്നു. പരിശോധനക്ക് സബ്ബ് ഇൻസ്പെക്ടർ എം.വി തോമസ്, ഫുസ് സേഫ്റ്റി ഓഫീസർമ്മാരായ ദീപ്തി. യു.എം, ധന്യ ശശീന്ദ്രൻ , ഹെൽത്ത് ഇൻസ്പെകർ രാജേഷ് പ്രശാന്തിയിൻ എന്നിവർ നേതൃത്വം നൽകി.