സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായി ഇന്ത്യയും ഒമാനും തമ്മിൽ സഹസ്രാബ്ദങ്ങളുടെ ബന്ധമുണ്ട്. ഈ ബന്ധങ്ങളുടെ ഏറ്റവും പുതിയ എഴുതിച്ചേർക്കലായിരുന്നു ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ 2023 ഡിസംബറിലെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനം. 26 വർഷങ്ങൾക്ക് ശേഷമായിരുന്നു ഒമാനിൽനിന്നുള്ള രാഷ്ട്രതലവൻ ഇന്ത്യയിൽ എത്തുന്നത്. ഇതിന് മുമ്പ് 1997ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയാണ് അന്നത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഇന്ത്യ സന്ദർശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായിട്ടാണ് സുൽത്താൻ ഹൈതംബിൻ താരിഖിന്‍റെ സന്ദർശനത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നോക്കിക്കണ്ടിരുന്നത്.ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ. ദുക്കമില്‍ ഇന്ത്യയുടെ നേവി ആക്‌സസ് അനുവദിക്കുന്നതിന് നേരത്തെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.