പിസി ചാക്കോുടെ അടുത്ത നീക്കം എന്ത് എന്ന് പലതരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. യുഡിഎഫിലേക്ക് പോകാൻ സാധ്തയെന്നും അല്ല, മറിച്ച് എൻസിപിയിൽ തുടരാൻ സാധ്യതയുണ്ട് എന്നും അഭ്യൂഹങ്ങൾ ശക്തമാകുന്നുണ്ട്. കൂടെ തന്നെ രാജിയെ സംബന്ധിച്ചും അഭ്യൂഹങ്ങൾ ശക്തമാണ്.
എൻസിപി യിൽ കാലങ്ങളായി തുടരുന്ന തർക്കം തന്നെയാണ് രാജിക്ക് പിന്നിലെന്നാണ് ആദ്യം വന്ന സൂചന എങ്കിലും പിന്നീട് പല അഭ്യൂഹങ്ങളും ശക്തമാവുകയാണ്. ചാക്കോയ്ക്കെതിരെ പാർട്ടിയിൽ അസ്വാരസ്യങ്ങൾ പലതായിരുന്നു. ചാക്കോ ഏകാധിപതിയെ പോലെ പരുമാറുന്നു എന്നുപോലും ആരോപണം ഉയർന്നിരുന്നു. മന്ത്രിമാരെ സംബന്ധിച്ച് പാർട്ടിയിലുണ്ടായ പടലപിണക്കങ്ങളും വിവാദങ്ങളുമാണ് ചാക്കോയ്ക്ക് പാർട്ടിയിൽ പിന്തുണയില്ലാതെ പോയതിന് കാരണം. പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഘട്ടത്തിലെത്തിയതോടെയാണ് ഗത്യന്തരമില്ലാതെ രാജി തീരുമാനത്തിലെത്തിയത് എന്നെല്ലാമാണ് വിവരം.

എന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എൻസിപിക്ക് വളരെ നിർണായകമാണ്. പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കേണ്ട എന്ന് കരുതിയാകും ചാക്കോ രാജിവെച്ചത് എന്നാണ് എകെ ശശീന്ദ്രൻ പറയുന്നത്. പാർട്ടിയിൽ സ്ളിപ്റ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആർക്കും ആലോചിക്കാൻ കഴിയില്ല. രാജിവെച്ചാലും എല്ലാവരും ചേർന്ന് ഒത്തൊരുമയോടെ മുന്നോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പിസി ചാക്കോ പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായി പെരുമാറണമായിരുന്നു എന്നും ശശീന്ദ്രൻ വിമർശിച്ചു. സീനിയർ നേതാക്കന്മാരെ പിസി ചാക്കോ കേൾക്കണമായിരുന്നു. കേരളത്തിൽ ഇടത്പക്ഷ രാഷ്ട്രീയത്തിന് പുറത്തുള്ള രാഷ്ട്രീയത്തിൽ ചാക്കോയ്ക്ക് സാധ്യതയില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
ദേശീയ വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്നത് ശരദ് പവാർ തീരുമാനിക്കുമെന്ന് പിസി ചാക്കോ വിഭാഗം അറിയിച്ചിരുന്നു. പാർട്ടിയിലെ ബഹുഭൂരിപക്ഷവും ചാക്കോയ്‌ക്കെതിരെ നിലപാടെടുത്തതോടെ ഗത്യന്തരമില്ലാതെ രാജിവച്ചൊഴിയുകയായിരുന്നു. കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന ചാക്കോയുടെ രാഷ്ട്രീയ ഭാവി ഇതോടെ പ്രതിസന്ധയിലായിരിക്കുകയാണ്. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ നടന്ന നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നടക്കാതെ പോയതിനു പിന്നാലെയാണ് അധ്യക്ഷപദവി ഉപേക്ഷിക്കുന്നത്. ഇതിനിടെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മിൽ കൈകോർത്തതോടെയാണ് പിസി ചാക്കോയ്ക്കു സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതെന്നും സൂചനയുണ്ടായിരുന്നു. തോമസ് കെ തോമസ് സംസ്ഥാന അധ്യക്ഷനാകുന്നതിൽ ശശീന്ദ്രൻ വിഭാഗം പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം എൻസിപി പ്രസിഡന്റായി തോമസ് കെ തോമസിനെ നിർദ്ദേശിച്ചിട്ടില്ലെന്നാണ് ശശീന്ദ്രന്റെ വിശദീകരണം. എല്ലാവരും യോഗ്യരല്ലേ എന്നും പൊതുജീവിതത്തിലെ അനുഭവവും പരിചയസമ്പത്തും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം ആണെന്നും ശരത് പവാർ എന്ത് തീരുമാനം എടുത്താലും അതിനോട് പാർട്ടി അംഗങ്ങളെല്ലാം പൂർണമായി സഹകരിക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ആര് എൻസിപി പ്രസിഡന്റായാലും താൻ സഹകരിക്കുമെന്നും അദ്ദേഹം പറഞഞു. അടുത്ത എൻസിപി പ്രസിഡന്റിനെ തീരുമാനിക്കാനുള്ള ചർച്ച പാർട്ടിയിൽ സജീവമാണ്. അതേ സമയം മന്ത്രിമാറ്റ ചർച്ചയിലും അദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ അത്തരത്തിലൊരു ചർച്ച പാർട്ടിയിലില്ല. ശരദ് പവാർ തന്നോട് രാജിവെയ്ക്കാൻ പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും താൻ രാജിവെയ്ക്കും. പക്ഷേ മന്ത്രിസഭയിൽ എൻസിപിയുടെ പാർട്ടി പ്രതിനിധി ഉണ്ടായിരിക്കണം എന്ന ഒറ്റ ഉപാധി മാത്രമേ തനിക്ക് ഉള്ളൂവെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
എന്നാൽ രാജിക്ക് ശേഷമുള്ള ചാക്കോയുടെ നീക്കം യുഡിഎഫിലേക്കോ അതോ ബിജെപിയിലേക്കോ എന്ന ആശങ്ക ഇടത് മുന്നണിക്കുണ്ട്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ എൻസിപിക്കുണ്ടായ ശക്തിക്ഷയം കേരളത്തിലെ പാർട്ടിയുടെ അദ്ധ്യക്ഷ പദവിയിൽ നിന്നും പടിയിറങ്ങാൻ പി.സി ചാക്കോയെ നിർബന്ധിതനാക്കിയെന്നും സൂചനയുണ്ട്. അഖിലേന്ത്യാ തലത്തിൽ പവാറിന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണിയിൽ തുടരുന്ന എൻസിപിക്ക് ഇനി രാഷ്ട്രീയ അസ്തിത്വമില്ലെന്നതാണ് യാഥാർത്ഥ്യം.
അതുകൊണ്ട് തന്നെ അവർ ഉടൻ എടുക്കാനിരിക്കുന്ന നിർണായക തീരുമാനങ്ങൾക്ക് മുമ്പ് ചാക്കോ സ്വയം രാജിവെച്ച് പുറത്ത് പോയതാണെന്നും സൂചനകളുണ്ട്. ദേശീയതലത്തിൽ ജനങ്ങളുടെ അംഗീകാരം എൻസിപി അജിത് പവാർ പക്ഷത്തിന് ലഭിച്ച സ്ഥിതിക്ക് ശരദ് പവാർ അവർക്കൊപ്പം എൻഡിഎ ക്യാമ്പിലെത്തുമോയെന്ന ആശങ്ക ചാക്കോയ്ക്കുണ്ട്.
മറുവശത്ത് കോൺഗ്രസുമായി ലയിക്കാനും പവാർ ചർച്ചകൾ നടത്തിയിരുന്നു. അങ്ങനെയുണ്ടായാൽ അതും ചാക്കോയെ സംബന്ധിച്ച് സ്വീകാര്യമാവാനിടയില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് എൻസിപി ഒരു പ്രാദേശിക കക്ഷിയായി മാറണമെന്ന ആലോചന അദ്ദേഹത്തിനുണ്ടായിരുന്നു. പരസ്യമായി അത് പാർട്ടിക്കുള്ളിൽ വ്യക്തമാക്കപ്പെട്ടില്ലെങ്കിലും ചില ചർച്ചകളിൽ അതിന്റെ സൂചനകൾ ചാക്കോ നൽകിയപ്പോൾ തന്നെ ശശീന്ദ്രൻ പക്ഷം അതിനെ നഖശിഖാന്തം എതിർത്തിരുന്നു. പാർട്ടിയിൽ തന്റെ തീരുമാനങ്ങൾക്കെതിരെ ശബ്ദമുയർന്നതും അദ്ദേഹം തിരിച്ചറിയുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയും സിപിഎമ്മും തന്നോട് കാണിക്കുന്ന തൊട്ടുകൂടായ്മയും അദ്ദേഹത്തെ അലോസരപ്പെടുത്തി. ചാക്കോ നിയമിച്ച സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ രാജനടക്കമുള്ളവർ അദ്ദേഹത്തിനൊപ്പം നിന്നെങ്കിലും പാർട്ടിയിലെ ഭൂരിഭാഗം ഭാരവാഹികളും അദ്ദേഹത്തിന് എതിരായതും അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനുള്ള തീരുമാനത്തിൽ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.
എന്നാൽ അതേസമയം യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. എന്നാൽ യുഡിഎഫിൽ എൻസിപിയുമായി ലയിക്കുമോ അതോ എൻസിപി പുതിയ വിഭാഗമായി പരിണമിക്കുമോ എന്നതും പ്രവചനാതീതം തന്നെ. എന്നാൽ യുഡിഎഫുമായി ലയിച്ചാൽ എന്ത് പദവി നൽകി സ്വീകരിക്കും എന്ന ചോദ്യം പ്രസക്തമാണ്. കോൺഗ്രസ് ദേശീയ വക്താവ്, പ്രവർത്തക സമിതി അംഗം തുടങ്ങി കോൺഗ്രസിലെ പ്രധാന നേതാവായിരുന്ന ചാക്കോയെ ദുർബല വകുപ്പുകളും സ്ഥാനങ്ങളും നൽകി ഒതുക്കാനാകില്ല. അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം നൽകണമെന്നത് വലതുമുന്നണിയ്ക്കും കോൺഗ്രസിനും മുന്നിലുള്ള വലിയ കടമ്പതന്നെയാകും.
മാത്രമല്ല, പിസി ചാക്കോക്കൊപ്പം ചാക്കോയെ പിന്തുണയ്ക്കുന്നവരും കൂടുമോ എന്നതും ചോദ്യമാണ്. അങ്ങനെ വന്നാൽ കോൺഗ്രസിൽ നിന്നും പടിയിറങ്ങി ചാക്കോക്കൊപ്പം സജീവ പ്രവർത്തകായായി മാറിയ ലതിക സുഭാഷ് വീണ്ടും കോൺഗ്രസിലേക്ക് പ്രവേശിക്കുമോ എന്നതും പ്രസക്തം തന്നെ. തള്ളിക്കളയാനാകാത്ത മറ്റൊരു സാധ്യത, കോരള കോൺഗ്രസ് ജോസഫ് വിഭാഗമാണ്. നാഥനില്ലാ കളരിയായി തുടരുന്ന കേരള കോൺഗ്രസിൽ ചാക്കോയ്ക്ക് സാധ്യതയുണ്ട്. പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ സ്ഥാനാമേൽപ്പിച്ചതിൽ പാർട്ടിക്ക് കനത്ത അതൃപിതി നിൽക്കുന്നതിനാൽ സാധ്യത ഏറെയാണ്.
എന്ത് തന്നെ ആയാലും ചാക്കോ യുഡിഎഫിലേക്കായാലും ബിജെപിയിലേക്കായും നഷ്ടം ഇടത് മുന്നണിക്കാണ്. തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കേ ഒരു കൂട്ട രാജിയും മുന്നണി മാറ്റവുമുണ്ടായാൽ അത് വലിയ തിരിച്ചടിയുണ്ടാക്കും.