കൊല്ലം: ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ് എഫ് ഐക്കാർ ഭാവിയുടെ വാഗ്ദാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ല. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണെന്നാണ് മുഖ്യമന്ത്രി കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
‘ഗവർണർ കണ്ടതുപോലെ അവർ ഗുണ്ടകളോ ക്രിമിനലുകളോ അല്ല. അദ്ദേഹം ഉപയോഗിച്ച മറ്റുവിശേഷണ പദങ്ങളൊന്നും ചേരുന്നവരല്ല. പ്രതിഷേധം നടത്തിയത് നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണ്. അവരുടെ മേഖലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യം ചാൻസിലർ എന്ന നിലയിൽ ഗവർണർ ചെയ്തപ്പോൾ ആ നടപടിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്’. – മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പുതുവത്സര ദിനത്തിൽ സർക്കാർ ആരംഭിക്കാനുദ്ദേശിക്കുന്ന കെ സ്മാർട്ട് പദ്ധതിയെക്കുറിച്ചു മുഖ്യമന്ത്രി ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ് വെയര്‍ ആണ് ജനുവരി ഒന്ന് മുതൽ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കുക.
രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർദ്ധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും അവ പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം കെ-സ്മാർട്ടിൽ ഒരുക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സംവിധാന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, അപേക്ഷ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും ഡാഷ് ബോർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കപ്പെടുമെന്നും പിണറായി വിജയൻ പറഞ്ഞു.