ലക്ഷദ്വീപ്: ലക്ഷദ്വീപിന്‍റെ സൗന്ദര്യം ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്നോര്‍കെല്ലിംഗ് ചെയ്യുന്നതിന്‍റെയും ബീച്ചിലിരുന്ന് ദ്വീപിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നതിന്‍റെയും ചിത്രങ്ങള്‍ മോദി എക്സില്‍ പങ്കുവച്ചു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും ലക്ഷദ്വീപ് കാണണമെന്നും അദ്ദേഹം കുറിച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹം ലക്ഷദ്വീപിലെത്തിയത്.
ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി 1150 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു.140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കഠിനമായി അധ്വാനിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാൻ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും മോദി എക്സ് പോസ്റ്റിൽ കുറിച്ചു. യാത്രയ്ക്കിടെ താൻ നടത്തിയ വിവിധ പ്രവർത്തനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. “എന്റെ താമസത്തിനിടയിൽ, ഞാനും സ്നോർക്കെല്ലിംഗ് പരീക്ഷിച്ചു – എന്തൊരു ആവേശകരമായ അനുഭവമായിരുന്നു അത്!” എക്‌സിൽ പ്രധാനമന്ത്രി എഴുതി. വെള്ളത്തിനടിയിൽ എടുത്ത ചിത്രങ്ങളും സ്‌നോർക്കെല്ലിങ്ങിന് പോയപ്പോൾ കണ്ട പവിഴപ്പുറ്റുകളുടെയും സമുദ്രജീവികളുടെയും ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. താന്‍ അതിരാവിലെ ലക്ഷദ്വീപിന്‍റെ തീരങ്ങളിലൂടെ നടന്നുവെന്നും’ശുദ്ധമായ ആനന്ദത്തിന്‍റെ നിമിഷങ്ങളെന്നും’ അദ്ദേഹം കുറിച്ചു.
അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ നിവാസികളുമായി ആശയവിനിമയം നടത്തുകയും അവരുടെ ആതിഥ്യമര്യാദക്ക് നന്ദി പറയുകയും ചെയ്തു. ലക്ഷദ്വീപിലേക്കുള്ള യാത്ര “പഠനത്തിന്‍റെയും വളർച്ചയുടെയും സമ്പന്നമായ യാത്ര” ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”ലക്ഷദ്വീപ് ദ്വീപുകളുടെ കൂട്ടം മാത്രമല്ല; അത് പാരമ്പര്യങ്ങളുടെ കാലാതീതമായ പാരമ്പര്യവും അതിലെ ജനങ്ങളുടെ ആത്മാവിന്റെ സാക്ഷ്യവുമാണ്”
ഊർജസ്വലമായ പ്രാദേശിക സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനൊപ്പം മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, വേഗത്തിലുള്ള ഇന്‍റർനെറ്റ്, കുടിവെള്ളം എന്നിവയ്‌ക്കുള്ള അവസരങ്ങൾ സൃഷ്‌ടിക്കുകയും മെച്ചപ്പെട്ട വികസനത്തിലൂടെ ജീവിതത്തെ ഉന്നമിപ്പിക്കുകയുമാണ് ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.#modi