ചെന്നൈ: കാൽവഴുതി വീഴാൻ പോയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് സഹായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദിയിലേക്ക് പോകുന്നതിനിടെയാണ് സ്റ്റാലിന്റെ കാൽ വഴുതിയത്. ഇതുകണ്ട മോദി ഇടത് കൈകൊണ്ട് അദ്ദേഹത്തെ പിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കായിക മന്ത്രിയും സ്റ്റാലിന്റെ മകനുമായി ഉദയനിധി സ്റ്റാലിനും ഇവർക്കൊപ്പമുണ്ടായിരുന്നു. 2036ലെ ഒളിമ്പിക് ഗെയിംസിന് ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. തമിഴ്നാടിനെ രാജ്യത്തിന്റെ കായിക തലസ്ഥാനമാക്കുകയാണ് ഡിഎംകെ സർക്കാരിന്റെ ലക്ഷ്യമെന്ന് സ്റ്റാലിൻ പ്രതികരിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. സംസ്ഥാനത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളും അദ്ദേഹം സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രമേശ്വരത്തേക്ക് പോകുന്ന മോദി ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ പൂജ നടത്തും.
ശ്രീരാമന്റെ അയോദ്ധ്യയിലേക്കുള്ള തിരിച്ചുവരവ് വിവരിച്ചുകൊണ്ട് സംസ്‌കൃതം,കാശ്മീരി, ആസാമീസ്, ഗുജറാത്തി അടക്കമുള്ള ഭാഷകളിൽ രാമകഥകൾ ചൊല്ലുന്ന ‘ശ്രീരാമായണ പര്യണ’ എന്ന പരിപാടിയിലും വൈകിട്ട് ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ഭജൻ സന്ധ്യയിലും മോദി പങ്കെടുക്കും.
നാളെ ധനുഷ്‌കോടിയിലെ കോദണ്ഡരാമസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം പ്രാർത്ഥന നടത്തും. ധനുഷ്‌കോടിക്ക് സമീപം അരിചാൽ മുനൈയും മോദിയും സന്ദർശിക്കും.