കേരളത്തിന്‍റെ സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച പ്രവാസി സമൂഹത്തെ പൂർണമായി അവഗണിച്ചുകൊണ്ട് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച 2024-25 വാർഷിക ബജറ്റിനെതിരെ പ്രതിഷേധവുമായി പ്രവാസി വെൽഫെയർ ഫോറം. പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ബജറ്റിൽ വിഹിതം നീക്കിവെക്കാത്തതിലും ഫോറം സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിലുള്ള ഒരു സംവിധാനവും ഫലപ്രദമല്ല എന്നാണ് ഓരോ ബജറ്റും സൂചിപ്പിക്കുന്നത്. വലിയ പണം ചിലവഴിച്ച് നടത്തിയ ലോക കേരള സഭയുടെ ഒരു ക്രിയാത്മകമായ നിർദേശംപോലും ഈ ബഡ്ജറ്റ് പരിഗണിച്ചിട്ടില്ല.
പ്രവാസി ക്ഷേമനിധി ബോർഡ് പ്രവാസികളിൽ നിന്നും ഈടാക്കുന്ന അംശാദായത്തിനോട് ആനുപാതികമായി നീതിപുലർത്തുന്ന വിധത്തിൽ പെൻഷൻ സംഖ്യയിൽ കാര്യമായ വർധനവ് വരുത്തണമെന്നും, പ്രവാസി ക്ഷേമനിധിക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രായപരിധി എടുത്ത് കളയണമെന്നുമുള്ള ആവശ്യത്തെ പാടെ നിരാകരിച്ചതായും യോഗം കുറ്റപ്പെടുത്തി. പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര, സലാഹുദ്ധീൻ കെ., ഷാജഹാൻ എം. കെ,, കുഞ്ഞിപ്പ ചാവക്കാട്, ബന്ന മുതവല്ലൂർ എന്നിവർ സംസാരിച്ചു.