തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിൽ എത്തിയേക്കാൻ സാദ്ധ്യത. ജനുവരി 17ന് ഗുരുവായൂരിൽ പ്രധാനമന്ത്രി എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മോദി വീണ്ടും തൃശൂരിൽ എത്തുന്നത്. സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് കേന്ദ്രം കേരള പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതേ തുടർന്ന് ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡ് പൊലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.
നേരത്തെ സുരേഷ് ഗോപിയും കുടുംബവും മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ ഡൽഹിയിൽ എത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. ജനുവരി 17ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്കു സമ്മാനിച്ചിരുന്നു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെ ഈ ചിത്രം സമൂഹമാദ്ധ്യമത്തിൽ സുരേഷ്‌ഗോപി പങ്കുവച്ചിരുന്നു. ശ്രേയസ് മോഹൻ ആണ് വരൻ.
ഇക്കഴിഞ്ഞ ജനുവരി മൂന്നിന് പ്രധാനമന്ത്രി തൃശൂരിൽ എത്തിയിരുന്നു. മഹിള മോർച്ച സംഘടിപ്പിച്ച സ്ത്രീ സംഗമത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് മോദി എത്തിയത്. തൃശൂരിൽ എത്തിയ മോദി സുരേഷ് ഗോപി, സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മഹിള മോർച്ച അദ്ധ്യക്ഷൻ അഡ്വ നിവേദിത എന്നിവരുമായി റോഡ് ഷോ നടത്തിയിരുന്നു. ഈ വർഷം പ്രധാനമന്ത്രി ആദ്യം നടത്തിയ റോഡ് ഷോയും തൃശൂരിലേതായിരുന്നു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ.