തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപം സംബന്ധിച്ച ഇടതുപക്ഷ നയത്തെ കുറിച്ച് മാധ്യമങ്ങൾക്ക് വേവലാതി വേണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം നടപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാധ്യമങ്ങൾ രണ്ട് ദിവസം കൊണ്ട് ജനാധിപത്യ സംരക്ഷകരായി മാറിയത് എന്തു കൊണ്ടാണ് മനസിലാകുന്നില്ല. സ്ഥിരമായി ഇടതുപക്ഷത്തെ വിമർശിച്ചു കൊണ്ടിരിക്കുന്ന മാധ്യമങ്ങൾ ഇപ്പോൾ വേവലാതി പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
വിദേശ സർവകലാശാലകൾ വാണിജ്യ താൽപര്യമുണ്ടോ എന്നും കുട്ടികൾ കബളിപ്പിക്കപ്പെടുന്നുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. നയപരമായ കാര്യങ്ങളിൽ മാധ്യമങ്ങളോട് ഇപ്പോൾ പ്രതികരിക്കാൻ താൽപര്യമില്ല. വിദേശ നിക്ഷേപത്തിന്‍റെ കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞോ എന്ന കാര്യം മാധ്യമങ്ങൾ ചോദിക്കേണ്ടതില്ല.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല മോശമാണെന്ന് ചില മാധ്യമങ്ങൾ നിരന്തരം ചിത്രീകരിക്കുകയാണ്. വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമാന്തര മേളകൾ സംഘടിപ്പിച്ച് കുട്ടികളെ ചൂണ്ടയിട്ട് കൊണ്ടു പോകുന്നത് കാണുകയാണ്. ഇത്തരം ഇരട്ടത്താപ്പ് അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
ഒരു വിദ്യാർഥി പ്രസ്ഥാനമെന്ന നിലയിൽ എസ്.എഫ്.ഐ അവരുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. ആശങ്ക മുന്നോട്ടുവെക്കുകയും അത് പരിഹരിക്കുമെന്ന ഉറപ്പ് നേടിയെടുക്കുകയും ചെയ്യേണ്ടത് അവരുടെ കർത്തവ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.