ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. വിജയ് ചൗക്കില്‍ രാഹുല്‍ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ ഒരുമിച്ച് ചേര്‍ന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ‘ഐ ആം അംബേദ്കര്‍’ എന്ന പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് ഇന്ത്യ മുന്നണി എംപിമാർ മാര്‍ച്ച് നടത്തിയത്.
അംബേദ്കറെ അപമാനിച്ചതിനെതിരെ പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്ട്രടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സമരം നടത്തിയതിന് കേസെടുത്ത് ജയിലില്‍ അടയ്ക്കാനാണ് ഭാവമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാണ്. അംബേദ്കറെ അപമാനിച്ചതിനെതിരെ രാഹുല്‍ഗാന്ധി ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹത്തെ ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ആരെങ്കിലും ആക്ഷേപിച്ചാല്‍ പോകുന്ന വ്യക്തിയല്ല രാഹുല്‍ഗാന്ധി. രാഹുല്‍ഗാന്ധിക്കെതിരെ 26 ഓളം കേസുകളാണ് നിലവിലുള്ളത്. എത്ര കേസെടുത്താലും നേരിടും. രാഹുല്‍ഗാന്ധി ഗുണ്ടയെപ്പോലെ മര്‍ദ്ദിച്ചു എന്നു പറയുന്നവര്‍, ആ വീഡിയോ ദൃശ്യം പുറത്തു വിടണം. ബിജെപി എംപിമാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് വനിതാ എംപിയുടെ പരാതിയില്‍ കേസെടുക്കാത്തത്. രണ്ടു നീതിയാണോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. രാഹുലിനെതിരായ കേസ് ഭരണപക്ഷം പരിഭ്രാന്തിയിലാണെന്നതിന് തെളിവാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിനെതിരെ എന്‍ഡിഎ മുന്നണിയും പ്രതിഷേധിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു എന്‍ഡിഎ എംപിമാരുടെ പ്രതിഷേധം. രാഹുല്‍ഗാന്ധിയുടെ ഗുണ്ടായിസം അവസാനിപ്പിക്കണം എന്ന് മാര്‍ച്ചില്‍ ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു. പിന്നീട് പാര്‍ലമെന്റ് ആരംഭിച്ചപ്പോള്‍ തന്നെ അംബേദ്കര്‍ വിഷയത്തില്‍ അമിത് ഷാ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ബഹളം വെച്ചു. ഇന്നലെ പാര്‍ലമെന്റില്‍ ബിജെപിമാരാണ് സംഘര്‍ഷം ഉണ്ടാക്കിയത്. അമിത് ഷായുടെ പ്രസ്താവനയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.