കേരളത്തിലെ ബിജെപിയെ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കും. അദ്ദേഹത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് അറിയുന്നത്.

അധ്യക്ഷനെ തീരുമാനിക്കുന്ന കോർ കമ്മിറ്റി യോഗത്തിൽ ആരംഭത്തിൽ തന്നെ കേന്ദ്ര നേതൃത്വം നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിനെ പേര് നിർദേശിച്ചത്. വളരാൻ ഏറെ അനുകൂലമായ സാഹചര്യം ഉണ്ടെങ്കിലും അത് മുതലെടുക്കാതെ ഗ്രൂപ്പ് പോരും തമ്മിലടിയുമായി വളർച്ച പ്രാപിക്കാത്ത സംസ്ഥാനത്തെ പാർട്ടിക്ക് രാജീവിന്റെ വരവിലൂടെ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

രാജീവ് അദ്ധ്യക്ഷനായി എത്തുന്നതിലൂടെ കേരളത്തിലെ ബിജെപിയും ശക്തമായി മുന്നേറ്റം നടത്തുമെന്നാണ് അണികളില്‍ ഏറെയും കരുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതോടൊപ്പം സ്വന്തമായി വസതിയും വാങ്ങിയിരുന്നു. അദ്ദേഹം സംസ്ഥാന അദ്ധ്യക്ഷനായേക്കും എന്ന് നേരത്തേ തന്നെ പലരും പ്രതീക്ഷിച്ചിരുന്നതുമാണ്.