സോണിയ ഗാന്ധിയുടെ ഒരു പരാമർശം ഇപ്പോൾ കോൺഗ്രസിന് തന്നെ വിനയായിരിക്കുകയാണ്. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗത്തെ കുറിച്ചുള്ള പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ‘നയപ്രഖ്യാപന പ്രസംഗം അവസാനിക്കാറായപ്പോൾ രാഷ്ട്രപതി ക്ഷീണിച്ചു, സംസാരിക്കാൻ പറ്റാത്തപോലെയായി, പാവം’, എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. ഇത് രാഷ്ടപതി എന്ന പദവിയെ വ്രണപ്പെടുത്തുന്നതാണെന്നും അത് ഒഴിവാക്കേണ്ടതായിരുന്നു എന്നും രാഷ്ടപതി ഭവൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇതിനു പിന്നാലെ സോണിയയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റെ വരേണ്യത മറനീക്കി പുറത്തു വന്നു എന്നും ആദിവാസികളോടും മറ്റു പിന്നാക്ക സമുദായങ്ങളോടുമുള്ള പുച്ഛവും നിഷേധവും നിറഞ്ഞതാണ് കോൺഗ്രസിന്റെ പരാമർശം എന്നും ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. എന്നാൽ സോണിയ ഗാന്ധി പറഞ്ഞതിനെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്നും രാഷ്ടപതി എന്ന പദവിയോട് കോൺഗ്രസിന് എന്നും ബഹുമാനമാണുള്ളതെന്നും വയനാട് എംപി യും സോണിയയുടെ മകളുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഷ്‌ട്രപതി പ്രസംഗം വായിച്ചു തളർന്നു എന്നത് ദുരുദ്ദേശപരമായ ഒരു പ്രസ്താവന അല്ലെന്നും പ്രിയങ്ക പറഞ്ഞു.