മസ്കറ്റ്: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധി പേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത നിയമവിരുദ്ധ റിക്രൂട്ടിങ് ഏജന്റുമാർ നിരവധിയാണ്. കേരളത്തിലടക്കം ഇത്തരം വ്യാജകേന്ദ്രങ്ങൾ നടത്തിയവർ പിടിയിലായിരുന്നു. ഇവർ വ്യാജവും നിയമവിരുദ്ധമായ ജോലികൾ വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരിൽനിന്ന് വൻ തുകകൾ ഈടാക്കുകയും ചെയ്യും.
ഫേസ്ബുക്ക്, വാട്ട്സ്ആപ്, ടെക്സ്റ്റ് മെസേജുകൾ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. കൃത്യമായ ഓഫിസോ വിലാസമോ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പരാതിയിൽ നടപടിയെടുക്കാനോ തട്ടിപ്പുകാരെ കണ്ടെത്താനോ സാധിക്കാറില്ല.
ഗൾഫ് രാജ്യങ്ങൾ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, ഇസ്രായേൽ, കാനഡ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണ്. വീട്ടുജോലിക്കെന്ന വ്യാജേന സ്ത്രീകളെ എത്തിച്ചശേഷം മറ്റു ജോലികൾക്ക് പ്രേരിപ്പിച്ച നിരവധി പരാതികൾ അടുത്തിടെ ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Read more- റിക്രൂട്ട്മെന്റ് തട്ടിപ്പ്; മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം