ഡൽഹി: വിറക്, കാർഷികാവശിഷ്ടങ്ങൾ, കൽക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇത്തരം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകം ഗാർഹിക മലിനീകരണത്തിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതിനാൽ പാചകത്തിന് ബദൽ സംവിധാനങ്ങൾ കണ്ടെത്തണമെന്ന് രാജ്യങ്ങൾക്ക് ഡബ്ള്യു.എച്ച്.ഒ. മുന്നറിയിപ്പ് നൽകി.
ആഗോള ജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസിൽ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. നഗരമേഖലയിൽ ഇത് 14 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 49 ശതമാനവുമാണ്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഗാർഹിക മലിനീകരണത്തിൽ ജീവൻ നഷ്ടമായവരിൽ 90 ശതമാനവും സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമാണ്. ഇന്ത്യയിലെ അകാലമരണങ്ങളുടെ ആറാമത്തെ കാരണമായാണ് ഗാർഹിക മലിനീകരണം കണക്കാക്കുന്നത്.