തളിക്കുളം: മത്സ്യത്തൊഴിലാളിയായ ധർമനും പെൺമക്കളുമടങ്ങുന്ന കുടുംബം അന്തിയുറങ്ങുന്നത് ചോർന്നൊലിക്കുന്ന ടാർപ്പായ വിരിച്ച കുടിലിൽ. ദലിത് വിഭാഗത്തിൽപെട്ട കുറുപ്പൻ പുരയ്ക്കൽ ധർമൻ പത്ത് വർഷം മുമ്പാണ് തളിക്കുളം മുറ്റിച്ചൂർ പാലത്തിന് സമീപം മൂന്ന് സെന്റ് സ്ഥലം വാങ്ങി കുടിൽ കെട്ടി താമസം തുടങ്ങിയത്. ഭാര്യ കനകയും രണ്ട് പെൺമക്കളും മകനുമടങ്ങുന്നതാണ് കുടുംബം.
ധർമൻ കടലിലും കനോലി പുഴയിലും മത്സ്യം പിടിച്ചാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിൽ ഒരു മകൾ ഷാലിയുടെ വിവാഹം നടത്തി. 2018ലെ പ്രളയകാലത്ത് പ്രദേശത്തെ വീടുകൾ മുങ്ങിയതോടെ ഇവർ ക്യാമ്പിലേക്ക് താമസം മാറ്റി. വെള്ളമൊഴിഞ്ഞ് ക്യാമ്പ് വിട്ടുവന്നെങ്കിലും കൂര നിലം പൊത്തിയിരുന്നു. വീട് നിർമിക്കാൻ ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയെങ്കിലും തഴയപ്പെട്ടു. ഇതോടെ പിന്നീട് ഓല കെട്ടി ഇവിടെ തന്നെ താമസം തുടർന്നു.
ധർമനെ സഹായിക്കാൻ ഭാര്യ കനകയും വള്ളത്തിൽ പോയായിരുന്നു പുഴയിൽ മീൻപിടിത്തം. ഭാര്യ വള്ളം തുഴയും. ധർമൻ വല വിരിക്കും. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് ധർമൻ ആശുപത്രിയിലായി. ഭാര്യക്ക് കാലു വേദന മൂലം വള്ളം തുഴയാനും പ്രയാസമായി. ഇതോടെ പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. മകനും പണിയില്ല. ഇതിനിടയിൽ വീട് ദ്രവിച്ചു. ഓലപ്പുല കെട്ടി മേയാൻ നിർവാഹമില്ലാത്തതിനാൽ ചോർന്നൊലിച്ച വീടിന് മേലെ ടാർപ്പായ വിരിച്ചാണ് കഴിയുന്നത്. നാട്ടിക പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന ധർമൻ ലൈഫ് പദ്ധതി പ്രകാരം വീട് നിർമിക്കാൻ അപേക്ഷ നൽകിയപ്പോൾ ഒന്നാമതായാണ് പരിഗണിച്ചത്.