കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്തുതന്നെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയാണ് അഭ്യൂഹം ശക്തമാകാന്‍ കാരണം. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെട്ട ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ഈ ആഴ്ച കേന്ദ്ര മന്ത്രിസഭ യോഗം ഉണ്ടായിരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത് തമിഴ്നാട്, അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണെന്നാണ് അഭ്യൂഹം ശക്തമായിട്ടുള്ളത്.
“എന്ത് സംഭവിക്കുമെന്ന് പറയാന്‍ പ്രയാസമാണ്, പക്ഷേ എന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പാണ്” – ഉന്നത ബിജെപി വൃത്തങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. നിലവിലെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ചിലരെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. പ്രായാധിക്യം, പ്രകടന മികവ് എന്നിവ കണക്കിലെടുത്താകും മാറ്റങ്ങള്‍. നിലവിലെ മന്ത്രിമാരില്‍ ഏതാനും പേരെ പാര്‍ട്ടി ചുമതലകളിലേക്ക് മാറ്റാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്. ഇവര്‍ക്കു പകരം ബിജെപിയിലെയും സഖ്യകക്ഷികളിലെയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭയുടെ മുഖം മിനുക്കാനാണ് ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം തികഞ്ഞശേഷം ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസങ്ങളില്‍ പുനഃസംഘടന ഉണ്ടായേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അത് ഏപ്രില്‍ 19 ന് ശേഷം എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാം. കാത്തിരിക്കൂവെന്ന് ഒരു മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു. തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കാമെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. യുവജനങ്ങൾക്കിടയിലെ അണ്ണാമലൈയുടെ സ്വാധീനം കണക്കിലെടുത്ത് ആണ് ഇത്തരത്തിലൊരു സാധ്യതയെക്കുറിച്ച് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് യുവ വോട്ടർമാർക്കിടയിൽ അണ്ണാമലൈ സൃഷ്ടിച്ച ചലനങ്ങളും കേന്ദ്ര നേതൃത്വം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. അതേസമയം ദേശീയ തലത്തിൽ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളോ ദക്ഷിണേന്ത്യയിൽ നിർണായക ചുമതലയോ അണ്ണാമലൈക്കു നൽകുമെന്നും അഭ്യൂഹങ്ങളുണ്ട്.
പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. പുതിയ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനൊപ്പം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും 2026ൽ ഡിഎംകെ അധികാരത്തിൽനിന്നു പുറത്താക്കുകയാണ് ലക്ഷ്യമെന്നുമാണ് നൈനാർ ചുമതലയേറ്റതിനു പിന്നാലെ അണ്ണാമലൈ പ്രതികരിച്ചത്.
ഇതിനുപുറമേ വഖഫ് നിയമം, ഏകീകൃത സിവില്‍കോഡ്, ബിജെപി ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങിയവയും ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍.