പത്തനംതിട്ട: സമൂഹമാദ്ധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ് നാളെ നിരത്തിലിറങ്ങുമെന്ന് ഉടമ. നാളെ പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേയ്‌ക്ക് പുറപ്പെടുമെന്നും ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയിട്ടുണ്ടെന്നും ബസ് ഉടമ അറിയിച്ചത്.
നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു. അതേസമയം, ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ഒക്ടോബർ 16നാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയിൽ വച്ച് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട‌്‌മെന്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി ഉത്തരവിലൂടെ ബസ് പുറത്തിറക്കിയത്. റോബിൻ ബസ് കോയമ്പത്തൂർ സർവീസിനായുള്ള സീറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും. പത്തനംതിട്ട – കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.
അതേസമയം, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത വാഹനങ്ങൾ ദേശസാൽകൃത റൂട്ടിൽ നിയന്ത്രിക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു. ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകൾ നിയമത്തിനെതിരാണെന്നും സ്റ്റേജ് ക്യാരേജായി ഓടുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടു.