ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ആറു പൈസയുടെ നേട്ടമാണ് ഇന്ന് ഉണ്ടായത്. എന്നാൽ വിനിമയം നടക്കുന്നത് ഇപ്പോഴും 85ന് മുകളിൽ തന്നെയാണ്. 85.07 എന്ന നിലയിലേക്കാണ് ഇന്ന് രൂപ തിരിച്ചുകയറിയത്.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതോടെ അമേരിക്കയിൽ കടപ്പത്രവിപണിയിൽ നിന്നുള്ള ആദായം വർധിച്ചത് ഡോളർ ശക്തിയാർജ്ജിക്കാൻ ഇടയാക്കി. ഇതാണ് ഇന്നലെ രൂപയുടെ ഇടിവിന് ഇടയാക്കിയത്. ഇന്നലെ 19 പൈസയുടെ നഷ്ടത്തോടെ 85.13 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്.
ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് അടക്കമുള്ള മറ്റു ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില കുറഞ്ഞു. 0.62 ശതമാനം കുറവോടെ ബാരലിന് 72.43 ഡോളർ എന്ന നിലയിലാണ് ബ്രെൻഡ് ക്രൂഡിന്റെ വിൽപ്പന നടക്കുന്നത്. അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് 200ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. ഇന്നലെ സെൻസെക്‌സ് 900ലധികം പോയിന്റാണ് താഴ്ന്നത്.