ആന്റോ ജോസഫിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് നിര്‍മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്. ആന്റോ ജോസഫ് പോഷക സംഘടനയുടെ ഭാഗമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് സാന്ദ്ര തോമസ് ചോദിച്ചു. കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആന്റോ ജോസഫ് സാംസ്‌കാരിക സമിതിയുടെ നേതാവായി എന്ന് പറയുന്നുവെന്നും ഇത് എങ്ങനെ തള്ളിക്കളയാന്‍ കഴിയുമെന്നും സാന്ദ്ര ചോദിക്കുന്നു.
‘കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആന്റോ ജോസഫ് സാംസ്‌കാരിക സമിതിയുടെ നേതാവായി എന്ന് പറയുന്നു. കെപിസിസി അധ്യക്ഷന്‍ ഇത് അറിഞ്ഞിരുന്നില്ലേ? ഒരു വേട്ടക്കാരനെ സംരക്ഷിക്കാനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആന്റോ ജോസഫിനെ രാഷ്ട്രീയക്കാര്‍ പോലും ഭയക്കുന്നു. ഒരു വലിയ ഭീകരനെതിരെയാണ് കുറ്റം ആരോപിച്ചതെന്ന് ഇപ്പോള്‍ മനസിലായി’, സാന്ദ്ര പറഞ്ഞു.
പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ (കെഎഫ്പിഎ) നിന്നും പുറത്താക്കിയതിനെതിരെയും സാന്ദ്ര പ്രതികരിച്ചു. പവര്‍ ഗ്രൂപ്പിലെ 7 പേര്‍ കെഎഫ്പിഎ യില്‍ ഉണ്ടെന്നും തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നത് ഇവരാണെന്നും സാന്ദ്ര പറഞ്ഞു. പുറത്താക്കല്‍ നടപടിയില്‍ ചുക്കാന്‍ പിടിച്ചത് ഫെഫ്ക ജനറല്‍ സെക്രട്ടറിയാണ്. ഒരു നെക്‌സസിനെതിരെ പൊരുതുക എളുപ്പമല്ല. തന്നെ മോശക്കാരിയാക്കി പുറത്താക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സാന്ദ്ര പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്നും ഭയമില്ല, ആത്മാഭിമാനമാണ് വലുതെന്നും സാന്ദ്ര പറഞ്ഞു. കേസുമായി മുന്നോട്ടു പോകാന്‍ പലരും ഭയക്കുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു.