കേരളം തിരഞ്ഞെടുപ്പുകളിലേക്കു കടക്കാനിരിക്കെ, സംസ്ഥാന കോൺഗ്രസിൽ ഈ ദിവസങ്ങളിലായി ഏറെ കോളിളക്കമുണ്ടാക്കിയ വിഷയമാണ് പ്രവർത്തക സമിതിയംഗം ശശി തരൂർ എം പിയുടെ വിവാദ അഭിമുഖം. പാർട്ടിക്ക് വേണ്ടെങ്കിൽ തനിക്ക് മറ്റു വഴികൾ ഉണ്ടെന്നും. പരമ്പരാഗതമായി ലഭിക്കുന്നവയ്ക്കു പുറത്തുള്ള വോട്ടുകൾ ആകർഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ തുടർച്ചയായ മൂന്നാം തവണയും പാർട്ടിക്കു പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നും സംസ്ഥാനത്തെ കോൺഗ്രസിൽ നേതൃത്വത്തിന്റെ അഭാവമുണ്ടെന്ന ചിന്ത ഒട്ടേറെ പ്രവർത്തകർക്കുണ്ടെന്നും ഇംഗ്ലിഷ് മാധ്യമത്തിന്റെ പോഡ്കാസ്റ്റിൽ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ബിജെപിയിലേക്ക് ഇല്ലെന്നു വ്യക്തമാക്കുന്ന ശശി തരൂർ എംപിയുടെ ഓൺലൈൻ മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം ഇന്നലെ പുറത്തു വന്നിരുന്നു.

ഒന്നിലെ വിശ്വാസവുമായി ചേരാൻ കഴിയാതാകുമ്പോൾ മറ്റൊന്നിൽ ചേരുന്നതു ശരിയല്ല. പാർട്ടിയിൽനിന്നു മാറി സ്വതന്ത്രനായി നിൽക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം. അഭ്യൂഹങ്ങൾക്ക് എല്ലാം വിരാമം ആയിട്ടും തുടങ്ങിവച്ച കോളിളക്കം ഇതുവരെയും അവസാനിച്ചിട്ടില്ല. എന്നാൽ ശശി തരൂരിന്‍റെ വിവാദ നിലപാടുകള്‍ക്ക് കാരണം എഐസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ചെന്നതിന്‍റെ പേരിൽ തന്നെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും അവഗണിക്കുന്നുവെന്ന വികാരമാണ് . ലോക്ഭയിലും സംഘടനാകാര്യങ്ങളിലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നതാണ് തരൂരിന്‍റെ പരാതി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യമടക്കം പരസ്യമായി ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയുള്ള തരൂരിന്‍റെ നീക്കത്തിന് കാരണം കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധം തന്നെയായിരുന്നു. ഒരു പരിഗണനയും പാര്‍ട്ടിയിൽ ഇല്ലെന്ന പരാതി അദ്ദേഹത്തിനുണ്ട്. ലോക്സഭയിൽ അര്‍ഹമായ അവസരം നൽകുന്നില്ല. വിദേശ കാര്യങ്ങള്‍ക്കുള്ള പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനം നൽകിയെങ്കിലും പൂര്‍ണ തൃപ്തിയില്ല. പ്രവര്‍ത്തക സമിതി അംഗമെന്നതിന് അപ്പുറം സംഘടനാ കാര്യങ്ങളിൽ റോള്‍ കിട്ടുന്നില്ല. താൻ രൂപീകരിച്ച പ്രൊഫഷണൽസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ രീതിയിലും തരൂരിന് കടുത്ത അതൃപ്തിയുണ്ട്. സ്ഥിരം പ്രവര്‍ത്തക സമിതി അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ള മൂന്ന് പേരിൽ ഒരാളായിട്ടും സംസ്ഥാന കോണ്‍ഗ്രസിലെ ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്നും ശശി തരൂറിന് പരാതിയുമുണ്ട്.
ജനാധിപത്യ രീതിയിൽ മത്സരിച്ചുവെന്ന ഒറ്റ കാരണത്താലാണ് ശശി തരൂരിനെ ഹൈക്കമാൻഡ് തഴഞ്ഞത്. എവിടെയും തന്നെ വളരാൻ സമ്മതിക്കുന്നില്ല എന്ന ആക്ഷേപം ശശി തരൂരിന് ഇപ്പോഴുമുണ്ട്. അതാണ് ഇടയ്ക്കിടെ ലേഖനം എഴുതി ശശി തരൂർ പ്രതിഷേധം അറിയിക്കുന്നത്. ശശി തരൂർ എംപിയുടെ ഉന്നമെന്തുമാകട്ടെ, തരൂരിനെ സംസ്ഥാന കോൺഗ്രസ് നേതൃത്വം പൂർണമായും തഴഞ്ഞാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരുവനന്തപുരത്ത് മാത്രം പത്തോളം സീറ്റുകളിൽ പ്രത്യാഘാതം ഉണ്ടാകും. അത് യുഡിഎഫിൻ്റെ കെട്ടുറപ്പിനെയും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സിപിഎം ശശി തരൂരിന് വേണ്ടി വാതിൽ തുറന്നു വെച്ചിരിക്കുന്നത് തിരുവനന്തപുരത്തെ പത്തോളം നിയമസഭാ സീറ്റുകൾ ലക്ഷ്യം വെച്ചാണ്. അത് ശശി തരൂർ വഴി നേടിയെടുക്കാനായാൽ മൂന്നാം പിണറായി സർക്കാറിന് അവസരം ഒരുങ്ങുമെന്ന് സിപിഎം കണക്കുകൂട്ടുന്നുമുണ്ട്. ഇത് മനസ്സിലാക്കികൊണ്ടാകാം ഇപ്പോളൊരു നിർണായക നീക്കം നേതൃത്വം നടത്താൻ തയ്യാറാവുന്നത്.

കോണ്‍ഗ്രസ് നേതൃത്വവുമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി അകല്‍ച്ചയില്‍ കഴിയുന്ന ശശി തരൂർ എംപിക്ക് പാർട്ടി നിർണായക പദവി നല്‍കുന്നതായി സൂചനകൾ വരുന്നുണ്ട് . ശശി തരൂരിനെപോലുള്ള ഒരു നേതാവിനെ പാർട്ടിക്കൊപ്പം ഉറപ്പിച്ച് നിർത്തുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. ലോക്സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിച്ചേക്കും. നിലവില്‍ അസമില്‍ നിന്നുള്ള എംപി ഗൗരവ് ഗൊഗൊയ് ആണ് പ്രതിപക്ഷ ഉപനേതാവ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ തൊട്ടടുത്ത പദവിയാണിത്. ഇവിടെ ശശി തരൂരിനെ ഇരുത്താനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് സൂചന.
ഗൗരവ് ഗൊഗൊയിയെ അസം പിസിസി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം. കേരളത്തോടൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം കൂടിയാണ് അസം. ഗൗരവിന് പിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ച് സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിന് പദ്ധതിയുണ്ട്. ഗൗരവ് ഗൊഗൊയ് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ രംഗത്തെത്തണമെന്ന നിലപാടാണ് അസം കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് അസം നേതൃത്വം ഹൈക്കമാൻഡിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് അസം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം അസം പിസിസി അദ്ധ്യക്ഷനായി ഗൗരവ് ഗൊഗൊയിയെ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ ലോക്സഭ പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിയേണ്ടതായി വരും. നിലവില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ തന്നെ പ്രധാന പദവിയിലേക്ക് പരിഗണിക്കപ്പെടണമെന്ന ആവശ്യം തരൂർ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ സംഘടന പരിചയം ശശി തരൂരിന് കുറവായത് കൊണ്ട് അത്തരം ചുമതലകള്‍ നല്‍കാൻ കോണ്‍ഗ്രസ് തയ്യാറായേക്കില്ല. എന്നാല്‍ ലോക്സഭ ഉപനേതാവ് പദവിയിലേക്ക് പരിഗണിച്ചാല്‍ തരൂരിന്റെ പിണക്കം ഒരുവിധത്തില്‍ മാറുമെന്നാണ് നേതൃത്വം കരുതുന്നത്. രാഹുല്‍ഗാന്ധിയുമായുള്ള ചർച്ചയില്‍ പാർട്ടിയില്‍ പ്രധാന സംഘടനാ പദവി വേണമെന്നായിരുന്നു തരൂരിന്റെ ആവശ്യം. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് പ്രതിപക്ഷ ഉപനേതാവ് ആക്കുവാനുള്ള ചർച്ചകള്‍ സജീവമായത്.