ന്യൂഡൽഹി: കേന്ദ്ര സർവകലാശാലയായതിനാൽ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയെ (എഎംയു) ന്യൂനപക്ഷ സ്ഥാപനമായി കണക്കാക്കാനാവില്ലെന്ന, 1967ലെ വിധി സുപ്രീം കോടതി അസാധുവാക്കി. അലിഗഢ് യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി പരിശോധിക്കുന്നതിന് പുതിയ ബെഞ്ച് രൂപീകരിക്കാൻ ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ ഉത്തരവിട്ടു.
കേന്ദ്ര സർവകലാശാലയായതിനാൽ എഎംയുവിന് ന്യൂനപക്ഷ പദവി നൽകാനാവില്ലെന്ന് 1967ലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെ മറികടക്കാൻ കേന്ദ്ര സർക്കാർ 1981ൽ പുതിയ നിയമം കൊണ്ടുവന്നു. 1981ലെ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ഭദഗതി നിയമത്തിലെ, ന്യൂനപക്ഷ പദവി സംബന്ധിച്ച വകുപ്പ് 2006ൽ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ഈ നടപടിയുടെ സാധുത പരിശോധിക്കാൻ, വിധിപ്പകർപ്പുകളും മറ്റു വിശദാംശങ്ങളും ചീഫ് ജസ്റ്റിസിനു മുമ്പാകെ സമർപ്പിക്കണമെന്ന് ഇന്നത്തെ സുപ്രധാന വിധിയിൽ ഏഴംഗ ബെഞ്ച് നിർദേശിച്ചു. ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പുതിയ ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കും.
ഏഴംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെബി പർദിവാല, മനോജ് മിശ്ര എന്നിവർക്കു വേണ്ടി കൂടി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് വിധിന്യായം എഴുതിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവർ വ്യത്യസ്ത വിയോജിപ്പ് വിധികൾ എഴുതി.verdict-holding-amu