ബില്ലുകൾ വൈകിപ്പിക്കുന്നതും തടഞ്ഞു വെക്കുന്നതും സംബന്ധിച്ച് തമിഴ്നാട് ഗവർണർക്കെതിരെയുള്ള സുപ്രീം കോടതി വിധി കേരളം നൽകിയ ഹർജിയിൽ ബാധകമല്ലെന്ന് കേന്ദ്രസർക്കാർ. കേരള ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കേന്ദ്രം ഈ വാദം ഉന്നയിച്ചത്. ബില്ലുകള്‍ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിക്കുക എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. തമിഴ്‌നാട് ഗവര്‍ണ്ണര്‍ക്കെതിരായ കേസിലെ സുപ്രീം കോടതിയുടെ തീരുമാനത്തിൽ തൃപ്തരാണെന്നും ആ സാഹചര്യത്തിൽ ഹര്‍ജി പിന്‍വലിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ തമിഴ്‌നാട് കേസിലെ വിധി കേരളത്തിന് ബാധകമല്ലെന്നും രണ്ട് ഹര്‍ജികളിലെയും വസ്തുതകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്.

ഏപ്രിൽ എട്ടിനാണ് ബില്ലുകള്‍ തടഞ്ഞുവെച്ചതിന് ശേഷം രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവർണ്ണർ ആർ എൻ രവിയുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയത്. ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. തുടർന്ന് ബില്ലുകളില്‍ തീരുമാനമെടുക്കാനും കോടതി സമയ പരിധി നിശ്ചയിച്ചു. ബില്‍ തടഞ്ഞുവെച്ചാല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു