പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മൽകുമാറിന് 3 വർഷം തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്.
ഒന്നാം പ്രതിയായ ഗ്രീഷ്മയും മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽകുമാറും കുറ്റക്കാരാണെന് കോടതി നേരത്തെ പറഞ്ഞിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും അതിനു ഇരയായിട്ടുള്ള ഷാരോൺ നിരപരാധിയാണെന്നും കോടതി പറഞ്ഞു. ഷാരോണിനും ഗ്രീഷ്മക്കും ഒരേ പ്രായമായിരുന്നു. ആയതിനാൽ പ്രായത്തിന്റെ ഇളവ് ഈ കേസിൽ പ്രതിക്ക് നൽകാനാവില്ല. ഷാരോണിന് ഗ്രീഷ്മയോട് അഗാധമായ പ്രണയമായിരുനെന്നും പ്രതി തന്നെ ചതിക്കുമെന്നു വിശ്വസിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. അത്കൊണ്ട് തന്നെ മരണമൊഴിയിൽ പോലും ഗ്രീഷ്മയെ ഒറ്റുകൊടുക്കാൻ ഷാരോൺ തയ്യാറായിരുന്നില്ല. ഇത് ആസൂത്രിതമായ കൊലപാതകമാണ്. വിഷം നൽകി ഒരു ‘സ്ലോ ഡെത്ത്’ ആയിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശം. ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം കേസിന്റെ വഴിതിരിക്കാൻ ആണ് എന്നെല്ലാമാണ് കോടതിയുടെ നിരീക്ഷണങ്ങൾ. പ്രതിഭാഗം ഷാരോണിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു.
വിധിക്കു മുൻപേയുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ എല്ലാം തന്നെ പൂർത്തിയായിരുന്നു. ചെകുത്താന്റെ മനസാണ് ഗ്രീഷ്മക്കെന്നും പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിക്ക് മാനസാന്തരം വരാൻ സാധ്യതയില്ലെന്നും പുറത്തിറങ്ങിയാൽ ഇനിയും സമാന സംഭവങ്ങൾ ഉണ്ടായേക്കാമെന്ന് പ്രോസീക്യൂഷൻ വാദിച്ചു. പക്ഷെ പ്രതിഭാഗം പ്രതിയുടെ പ്രായം കാണിക്കിലെടുക്കണം എന്ന് ആവശ്യപ്പെട്ടു. തനിക്ക് പഠിക്കണമെന്നും ഗ്രീഷ്‌മ ജഡ്ജിക്ക് നൽകിയ കത്തിൽ എഴുതിയിരുന്നു.