തൃശൂർ: മാതാവിന്റെ മരണ സർട്ടിഫിക്കറ്റിനായി അഞ്ചു വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് തൃശൂർ അന്നമനട സ്വദേശിനി തങ്കമ്മ. സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചിട്ടും പരിഹാരം ഉണ്ടായിലെന്ന് പരാതിയിൽ പറയുന്നു.
അമ്പത്തിമൂന്നു വർഷം മുമ്പ് മരണപ്പെട്ട മാതാവിന്റെ മരണ സർട്ടിഫിക്കറ്റിനാണ് തങ്കമ്മ അഞ്ചു വർഷമായി അലയുന്നത്. 1970ലാണ് തങ്കമ്മയുടെ മാതാവ് മരണപ്പെട്ടത്. 82കാരിയായ തങ്കമ്മ 2018 മെയിൽ പഞ്ചായത്തിൽ അപേക്ഷ നൽകി. മരണം ഒരു വർഷം കഴിഞ്ഞ് രജിസ്റ്റർ ചെയ്യാൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെയോ ആർഡിഒയുടേയോ അനുമതി ആവശ്യമാണെന്ന് സെക്രട്ടറി അറിയിച്ചു. എന്നാൽ എൻഒസി നൽകിയിട്ടും സർട്ടിഫിക്കറ്റ് അനുവദിക്കാതെ മനപൂർവം കാലതാമസം വരുത്തുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കാടുകുറ്റി പഞ്ചായത്ത് ഓഫിസിലും മറ്റു ഓഫിസുകളിലും നിരന്തരം കയറിയിറങ്ങിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും പരാതിയുണ്ട്.
മരണ സർട്ടിഫിക്കറ്റ് ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പഞ്ചായത്തിന് നിർദേശം നൽകിയിട്ടും നീക്കമുണ്ടായില്ലെന്നും പരാതിയുണ്ട്. കുടുംബത്തിലെ മറ്റൊരാൾ സമാന ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകിയിരുന്നുവെന്നും മരണ തിയതി വ്യത്യസ്തമായി കാണിച്ചതിനാൽ നിരസിക്കുകയായിരുന്നുവെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് തങ്കമ്മ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുന്നിൽ സമരം നടത്തിയിരുന്നു. വരും ദിവസങ്ങളിലും സമരത്തിന് ഒരുങ്ങുകയാണ് തങ്കമ്മ.