മുൻ അർജന്റീന ഫോർവേഡ് താരം എസിക്വെയ്ൽ ലാവേസിയെ വയറിനേറ്റ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുറഗ്വോയിലെ കാറ്റെഗ്രിൽ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഡിസംബർ 20നാണ് സംഭവമുണ്ടായത്. 2020ൽ അദ്ദേഹം ഫുട്ബാളിൽ നിന്നും വിരമിച്ചിരുന്നു.
ലാവേസിയുടെ പരിക്ക് സംബന്ധിച്ച് വിവിധ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ലാവേസി ബൾബ് മാറ്റിയിടാനായി ഗോവണിയിൽ കയറിയപ്പോൾ വീണാണ് പരിക്കേറ്റതെന്നാണ് കുടുംബാംഗങ്ങളുടെ വാദം. ടി.വൈ.സി സ്പോർട്സാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.ഉറുഗ്വേയ് മാധ്യമമായ എൽ ഒബസെർവാഡോറിന്റെ റിപ്പോർട്ട് പ്രകാരം ലാവേസിക്ക് കുടുംബാംഗങ്ങളിൽ ഒരാളുടെ കുത്തേൽക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും റിപ്പോർട്ട് പറയുന്നു. പണം സംബന്ധിച്ച തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നും വാർത്തയിൽ പറയുന്നുണ്ട്. അതേസമയം, വാർത്ത സംബന്ധിച്ച പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ലാവേസിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചും വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ആശുപത്രിയിൽ എത്തിക്കുമ്പോൾ ലാവേസിയുടെ പെൺസുഹൃത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
അർജന്റീനക്കായി 51 മത്സരങ്ങളിൽ അദ്ദേഹം ബൂട്ട്കെട്ടിയിട്ടുണ്ട്. സ്റ്റുഡിനാറ്റ്സിലാണ് അദ്ദേഹത്തിന്റെ ക്ലബ് കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് 2007ൽ നാപോളിയിലെത്തി. സിരി എയിൽ 48 ഗോളടിച്ച ലാവേസ് 2012ൽ പി.എസ്.ജിയിലേക്ക് ചേക്കേറി.