ലോസഞ്ജല്‍സ്: ഓസ്‌കര്‍ വേദിയില്‍ ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി താരങ്ങള്‍. അമേരിക്കന്‍ ഗായിക ബില്ലി ഐലിഷ്, അഭിനേതാക്കളായ റാമി യൂസഫ്, മാര്‍ക്ക് റുഫല്ലോ, സംവിധായിക അവ ദുവെര്‍നെ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ചുവന്ന പിന്‍ ധരിച്ചാണ് റെഡ്കാര്‍പറ്റിലെത്തിയത്.
വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണ് ചുവന്ന പിന്‍ ധരിച്ചതെന്ന് പുവര്‍ തിങ്‌സ് ചിത്രത്തിലെ അഭിനേതാവ് റാമി യൂസഫ് പ്രതികരിച്ചു. ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി കലാകാരന്മാരുണ്ട്. ഞങ്ങള്‍ എല്ലാവരും ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാക്കണമെന്ന് ആവശ്യപ്പെടുകയാണ്. എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും റാമി യൂസഫ് പറഞ്ഞു. ഫലസ്തീന്‍ ജനതയ്ക്ക് ശാശ്വതമായ നീതിയും സമാധാനവും വേണമെന്നും ഫലസ്തീനില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡന് തുറന്ന കത്ത് എഴുതിയ സിനിമാ പ്രവര്‍ത്തകരുടെ (Artists4Ceasefire) ശ്രമത്തിന്റെ ഭാഗമാണ് ഫലസ്തീന്‍ അനുകൂല പിന്നുകള്‍. ഫ്രഞ്ച് അഭിനേതാക്കളായ മിലോ മച്ചാഡോ ഗ്രാനര്‍, സ്വാന്‍ അര്‍ലോഡ് എന്നിവര്‍ ഫലസ്തീന്‍ പതാക മുദ്രണം ചെയ്ത പിന്‍ ധരിച്ചാണ് ഓസ്‌കര്‍ വേദിയിലെത്തിയത്.