1971ല്‍ സിയാറ്റിലിലെ പൈക് പ്ലേസ് മാര്‍ക്കറ്റിലാണ് സ്റ്റാര്‍ബക്ക്‌സ് അവരുടെ ആദ്യത്തെ സ്റ്റോര്‍ തുറന്നത്. 82ല്‍ ഹൊവാര്‍ഡ് ഷുല്‍ട്‌സ് സ്റ്റാര്‍ബക്ക്‌സ് മാര്‍ക്കറ്റിങ്ങിലേക്ക് ചേര്‍ന്നു. കോഫിഹൗസ് എന്ന ആശയം ഇതിന് ശേഷമാണ് നടപ്പാക്കിയത്. 1984ല്‍ ആണ് സ്റ്റാര്‍ബക്ക്‌സ് ആദ്യമായി അവരുടെ കഫേ ലാറ്റേ പുറത്തിറക്കിയത്. സിയാറ്റിലിലെ ഔട്ട്‌ലെറ്റിലായിരുന്നു പരീക്ഷണം. 85 മുതല്‍ സ്റ്റാര്‍ബക്ക്‌സ് ബ്രൂഡ് കോഫിയും എസ്പ്രസോ കാപ്പിയും വിതരണം ചെയ്യാന്‍ തുടങ്ങി. ഇതേവര്‍ഷമാണ് സ്റ്റാർബക്ക്‌സ് വിട്ട ഷുല്‍ട്‌സ് സ്വന്തം കമ്പനി ആരംഭിച്ചത്. പിന്നീട് 87ല്‍ ഷുല്‍ട്‌സ് തിരിച്ചെത്തുകയും സ്വന്തം കമ്പനിയെ സ്റ്റാര്‍ബക്ക്‌സുമായി ലയിപ്പിക്കുകയും ചെയ്തു. 1991 ഓടെ അമേരിക്കയില്‍ മാത്രം സ്റ്റാര്‍ബക്ക്‌സിന്റെ ഔട്ട്‌ലെറ്റുകളുടെ എണ്ണം നൂറ് കടന്നിരുന്നു. അപ്പോഴേക്കും സ്റ്റാര്‍ബക്ക്‌സ് അമേരിക്കന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റിലും ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 91ലാണ് സ്റ്റാര്‍ബക്ക്‌സ് സിയാറ്റിലില്‍ അവരുടെ ആദ്യത്തെ എയര്‍പോര്‍ട്ട് സ്‌റ്റോര്‍ ആരംഭിച്ചത്. 95കളില്‍ സ്റ്റാര്‍ബക്ക്‌സ് അവരുടെ ഫ്രാപുചീനോ അവതരിപ്പിച്ചു. അപ്പോഴേക്കും ലോകത്തെ സ്റ്റാര്‍ബക്ക്‌സ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 600 പിന്നിട്ടിരുന്നു. 1996ലാണ് സ്റ്റാര്‍ബക്ക്‌സ് അവരുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ സ്‌റ്റോര്‍ ആരംഭിക്കുന്നത്. ജപ്പാനിലെ ടോക്യോയിലായിരുന്നു സ്‌റ്റോര്‍. അന്ന് സ്റ്റാര്‍ബക്ക്‌സ് സ്‌റ്റോറുകളുടെ എണ്ണം ആയിരം കടന്നിരുന്നു. 97ല്‍ സ്റ്റാര്‍ബക്ക്‌സ് ഫൗണ്ടേഷന്‍ ആരംഭിച്ചു. 99കളുടെ അവസാനത്തിലാണ് ചൈനയിലും കുവൈത്തിലും ലെബനനിലും ഓസ്‌ട്രേലിയയിലും കൊറിയയിലും ഖത്തറിലും സൗദിയും യു.എ.ഇയിലുമെല്ലാം സ്റ്റാര്‍ബക്ക്‌സ് സ്റ്റോറുകള്‍ ആരംഭിക്കുന്നത്. സ്‌റ്റോറുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിയതും ഇതേ കാലത്തായിരുന്നു. അപ്പോഴേക്കും ലോകത്താകമാനം സ്റ്റാര്‍ബക്ക്‌സ് സ്‌റ്റോറുകളുടെ എണ്ണം അയ്യായിരം പിന്നിട്ടിരുന്നു. പിന്നീട് പത്ത് വര്‍ഷത്തിനിടെ നിരവധി കമ്പനികളെ സ്റ്റാര്‍ബക്ക്‌സ് ഏറ്റെടുത്തിരുന്നു. പിന്നീട് ഓരോ വര്‍ഷവും പലതരം ഉത്പന്നങ്ങള്‍ സ്റ്റാര്‍ബക്ക്‌സ് പുറത്തിറക്കി. 2019 ആവുമ്പോഴേക്കും സ്റ്റാര്‍ബക്ക്‌സിന്റെ ആകെ സ്‌റ്റോറുകളുടെ എണ്ണം മുപ്പതിനായിരം പിന്നിട്ടിരുന്നു. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി പലതരം തന്ത്രങ്ങള്‍ അതിനോടകം തന്നെ സ്റ്റാര്‍ബക്ക്‌സ് പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇന്ന് ലോകത്താകമാനം 35711 സ്റ്റോറുകളാണ് സ്റ്റാര്‍ബക്ക്‌സിനുള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ സ്റ്റാര്‍ബക്ക്‌സ് സ്‌റ്റോറുകളുള്ളത്. 15952 സ്‌റ്റോറുകളാണ് അമേരിക്കയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. പേപ്പര്‍ കപ്പുകളില്‍ കാപ്പി വിതരണം ചെയ്യാന്‍ ആരംഭിച്ചതും സ്റ്റാര്‍ബക്ക്സ് ആണ്.
Read More:- വിച്ച് കം ഫസ്റ്റ്?