ബംഗളൂരു: നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലിൽ കൊലപ്പെടുത്തി ബാഗിലാക്കി അമ്മ ടാക്സിയിൽ കർണാടകത്തിലേക്ക് കടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്‌ഫുൾ എ.ഐ ലാബിന്റെ സി.ഇ.ഒയും പശ്ചിമ ബംഗാൾ സ്വദേശിയുമായ സുചന സേത്ത് (39) ആണ് പിടിയിലായത്. കൊലയ്ക്ക് പിന്നാലെ സുചന ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
കൈഞരമ്പ് മുറിച്ചാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗോവയിലെ ഹോട്ടലിൽ കണ്ടെത്തിയത് സുചനയുടെ രക്തക്കറയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവരുടെ കൈയിൽ മുറിവുണ്ട്. മകൻ മരിച്ചതിനെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സുചന മൊഴി നൽകിയെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടൽ മുറിയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് മൊഴി നൽകിയിട്ടുണ്ട്. ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുമുണ്ട്. കുട്ടിയുടെ ദേഹത്ത് മറ്റ് മുറിവുകളോ പരിക്കുകളോയില്ല.
അതേസമയം, കുട്ടിയെ കൊല്ലാനുദ്ദേശിച്ചിരുന്നില്ലെന്ന് സുചന മൊഴി നൽകിയെന്ന് പൊലീസ് അറിയിച്ചു. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമർത്തിയത്. മകൻ മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോൾ പരിഭ്രാന്തയായി. തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സുചനയുടെ മൊഴി. ഇവരെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.#suchana