ഡൽഹി: ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച. ദൈവത്തിന് ജാതിയില്ലെന്നും തിരുനാവായ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിരീക്ഷിച്ചു.
വൈരങ്കോട് ക്ഷേത്രത്തിൽ നാല് പേരെ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവച്ചാണ് ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റികളായി എംപി വിനോദ് കുമാർ, കെ ദിലീപ്, ടിപി പ്രമോദ്, പികെ ബാബു എന്നിവരെ മലബാർ ദേവസ്വം ബോർഡ് നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിനെതിരെ ഈ നാല് പേർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ തന്ത്രിയുടെ അഭിപ്രായം മാത്രം സ്വീകരിച്ചാൽ പിന്നാക്ക വിഭാഗക്കാർ ഒഴിവാക്കപ്പെട്ടേക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശമുണ്ടായത്. ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പിവി ദിനേശ്, അഡ്വ കെ ആർ സുഭാഷ് ചന്ദ്രൻ, അഡ്വ എൽ ആർ കൃഷ്ണ എന്നിവരും ഹാജരായി.